kada
മുഖം മിനുക്കുന്ന കടമ്പ്രയാർ

കിഴക്കമ്പലം: കടമ്പ്രയാർ ടൂറിസം പദ്ധതിയുടെ പുനർജന്മത്തിന് വഴിയൊരുങ്ങി. ദേശാടനപ്പക്ഷികൾ ധാരാളമായി വന്നുപോകുന്ന കടമ്പ്രയാറിന് തീരങ്ങൾ സഞ്ചാരികളെ കാത്തിരിക്കുകയാണ്. കടമ്പ്രയാർ വിനോദസഞ്ചാരകേന്ദ്രം അടിമുടി മാറുന്ന പദ്ധതികളാണൊരുങ്ങുന്നത്. ആദ്യ ഘട്ട വികസനത്തിന്റെ ഭാഗമായി ഇന്ന് മത്സ്യ മാംസ വിഭവങ്ങളുടെ നാവിൽ രുചിയൂറുന്ന മസാലക്കൂട്ടുകളുമായി തീരം കഫെ ഡ്രൈവ് പ്രവർത്തനം തുടങ്ങും. ജി.സി.ഡി.എ മുൻ ചെയർമാൻ സി.എൻ. മോഹനൻ വൈകിട്ട് 5.30ന് ഉദ്ഘാടനം ചെയ്യും. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനാകും. തുടർന്ന് കൊച്ചി റിഥം ബാൻഡിന്റെ ഫ്യൂഷൻ അരങ്ങേറും. 21 മുതൽ 31 വരെ കുടുംബശ്രീയുടെ വിപണനമേളയും കലാപരിപാടികളും പുതുവത്സരാഘോഷവും സംഘടിപ്പിച്ചിട്ടുണ്ട്.

2010ൽ പ്രവർത്തനം തുടങ്ങിയ കടമ്പ്രയാർ ടൂറിസം പദ്ധതി അ​റ്റകു​റ്റപ്പണികളുടെ അഭാവം മൂലം പാടെ തകർന്ന നിലയിലാണ്. ടൂറിസം സാദ്ധ്യതകളെ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടക്കുക. ജില്ലയിലെത്തുന്ന ആഭ്യന്തര, വിദേശ ടൂറിസ്​റ്റുകളെ ആകർഷിക്കുന്ന വിധം ജലകേളീ വിനോദങ്ങൾക്ക് പ്രാധാന്യം നൽകും. ഇറിഗേഷൻ, ടൂറിസം വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയാകും വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത്.

പദ്ധതി പ്രവർത്തനങ്ങൾ

പായലും പോളയും നീക്കി ആറിന് ആഴംകൂട്ടും

വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർമാർക്ക് സൗകര്യമൊരുക്കും

വാക്ക് വേ സൗകര്യങ്ങൾ നവീകരിക്കും

പ്രധാന ഡെസ്​റ്റിനേഷൻ പോയിന്റാക്കി മാ​റ്റും

ബോട്ടിംഗ് പുന:സ്ഥാപിക്കും.

മനക്കക്കടവിൽ നിന്ന് ബോട്ട് സർവീസ് തുടങ്ങും

ആറിനെ കെട്ടിസംരക്ഷിക്കാനും പദ്ധതി

സാഹസിക വിനോദസഞ്ചാര പദ്ധതികളും നടപ്പാക്കും

രണ്ടു പ്രളയങ്ങൾ തകർത്തെറിഞ്ഞ കടമ്പ്രയാർ ടൂറിസത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് ദ്റുതഗതിയിൽ നടപ്പാക്കും. പ്രളയത്തിൽ മുങ്ങിയ നടപ്പാതയും കൈവരികളും പുനർനിർമ്മിക്കും

ജില്ലയിലെ ഏ​റ്റവും മികച്ച പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര ഇടനാഴിയായി കടമ്പ്രയാർ പുഴയോരത്തെ മാ​റ്റുന്നതിനും അതിലൂടെ കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനാവും. പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് മുഖ്യ പരിഗണന.

പി.വി. ശ്രീനിജിൻ

എം.എൽ.എ