
കൊച്ചി: കോർപ്പറേറ്റ് കടങ്ങൾ വീണ്ടെടുക്കുക, മന:പൂർവം വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുക, എഴുതിത്തള്ളിയ വായ്പകൾ വീണ്ടെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബെഫി രാജ്യവ്യാപകമായി അവകാശ ദിനം ആചരിച്ചു. എറണാകുളം മേനക എസ്.ബി.ഐ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിനു മുൻപിൽ നടന്ന ധർണ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ്. അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുശീൽ കുമാർ. കെ.പി അദ്ധ്യക്ഷനായി. ബെഫി മുൻ ദേശീയ പ്രസിഡന്റ് സി.ജെ. നന്ദകുമാർ, ജില്ലാ സെക്രട്ടറി സോനാ. പി.എം., എറണാകുളം ഏരിയാ സെക്രട്ടറി എസ്. നിഷാന്ത് എന്നിവർ സംസാരിച്ചു.