ആലുവ: റൂറൽ ജില്ലയിൽ ഇന്ന് മുതൽ ഒരു വനിത ഉൾപ്പെടെ പുതിയ 11 എസ്.ഐമാർ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രായോഗിക പരിശീലനത്തിനായി ചുമതലയേൽക്കും. ജില്ലയിലെ എട്ട് പൊലീസ് സ്റ്റേഷനുകളിലായാണ് പരിശീലനത്തിന് കയറുക. തൃശൂർ പൊലീസ് അക്കാഡമിയിൽ ഒരു വർഷത്തെ കായിക - നിയമ പരിശീലനത്തിന് ശേഷമാണ് ആദ്യ സ്റ്റേഷൻ നിയമനം നൽകുന്നത്.
ആലുവ, ഞാറയ്ക്കൽ, അങ്കമാലി പൊലീസ് സ്റ്റേഷനുകളിൽ രണ്ട് വീതവും കാലടി, മുനമ്പം, പെരുമ്പാവൂർ, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിൽ ഒരാൾ വീതവുമാണ് നിയമനം. ഇന്നലെ നടന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന 11 പേർക്കും നിയമന ഉത്തരവ് കൈമാറി.
പത്തര മാസത്തേക്കാണ് പ്രൊബേഷൻ കാലാവധി. സ്റ്റേഷനിൽ പ്രായോഗിക പരിശീലനമാണ് നൽകുക. കോടതി, ക്രൈംബ്രാഞ്ച്, മയക്കുമരുന്ന്, ഇന്റലിജൻസ് തുടങ്ങിയ വിഭാഗങ്ങളിൽ പരിശീലനം നടക്കും. തുടർന്ന് സ്റ്റേഷനുകളുടെ സ്വതന്ത്ര ചുമതല കൈമാറും.