
കൊച്ചി: ഇൻഷ്വറൻസ് കമ്പനിയെ തട്ടിച്ച് 34,00,000 രൂപ കവർന്ന പ്രതി പിടിയിൽ. കൊല്ലം ഓച്ചിറ സ്വദേശി വരുൺ കുമാർ നായരാണ് (36) എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്. എറണാകുളം ആലപ്പാട്ട് ഹെറിറ്റേജ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന നിവ ബുപ ഹെൽത്ത് ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ 25 ലക്ഷത്തിന്റെ പേഴ്‌സണൽ ആക്‌സിഡന്റ് പോളിസി എടുത്ത പ്രതി വലിയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് എന്ന സ്ഥാപനത്തിൽ 3,41,995 രൂപയുടെ ചികിത്സ നടത്തിയശേഷം 70 ലക്ഷം രൂപ ചെലവായിട്ടുണ്ടെന്ന് കാണിച്ചാണ് തട്ടിപ്പ് നടത്തിയത്.
ഇതിനായി വിവിധ ഫാർമസികളുടെ ടാക്‌സ് ഇൻവോയ്‌സ് റെസിപ്റ്റുകൾ മരുന്നുകൾ വാങ്ങാതെ തന്നെ ഫാം ഈസി എന്ന ഓൺലൈനിലൂടെ സംഘടിപ്പിച്ചു. മരുന്നുകൾ ഓൺലൈനായി ഓർഡർ ചെയ്ത് ഡെലിവറി സമയത്ത് ക്യാൻസൽ ചെയ്ത് ഇതിന്റെ ബില്ലുകൾ ഇൻഷ്വറൻസ് കമ്പനിയിൽ ക്ലെയിം ചെയ്താണ് തട്ടിപ്പ്. നിവ ബുപ്പ ഹെൽത്ത് ഇൻഷ്വറൻസ് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.