കൊച്ചി: കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജിലെ കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിന്റെയും സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെയും നിർമ്മാണം അന്തിമഘട്ടത്തിലേക്ക്. ക്യാൻസർ സെന്റർ ഫെബ്രുവരി ആദ്യവാരവും സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് മേയ് ആദ്യവാരവും ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. രണ്ടിടത്തും മന്ത്രി സന്ദർശനം നടത്തി. ക്യാൻസർ സെന്റർ ഗവേഷണത്തിനു കൂടി പ്രാധാന്യം നൽകുന്നുണ്ട്. 6.4 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് ഒരുങ്ങുന്നത്. 360 കിടക്കകൾ ഇവിടെ സജ്ജമാക്കും.12 ഓപ്പറേഷൻ തിയേറ്ററുകളുണ്ട്. ഗവേഷണത്തിന്റെ ഭാഗമായി സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്കും സ്ഥലം അനുവദിക്കും. 384.34 കോടിയാണ് നിർമ്മാണച്ചെലവ്. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് 286.66 കോടി രൂപയാണ് നിർമ്മാണച്ചെലവ്. 842 പുതിയ കിടക്കകൾ സജ്ജമാക്കും. നിലവിൽ 500 കിടക്കകളുണ്ട്.