
കോതമംഗലം: നെല്ലിക്കുഴി കുറ്റിലഞ്ഞി പുതുപ്പാലത്ത് അന്യസംസഥാന തൊഴിലാളിയുടെ മകൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് വൃത്തങ്ങൾ. ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാന്റെ മകൾ മുസ്‌കാൻ (ആറ്) ആണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടത്. അജാസ് ഖാൻ, രണ്ടാനമ്മ അനീഷ എന്നിവരെ കസ്റ്റഡിയിലെടുത്ത് കോതമംഗലം പൊലീസ് ചോദ്യം ചെയ്തു വരികയാണ്. റൂറൽ ജില്ല പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.
ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്ന കുട്ടിക്ക് അനക്കമില്ലെന്ന് അറിയിച്ച് രാവിലെ ആറോടെ അജാസ് ഖാൻ കുട്ടിയുമായി അയൽവാസികളെ സമീപിക്കുകയായിരുന്നു. പൊലീസും ശാസ്ത്രീയാന്വേഷണ വിഭാഗവും സ്ഥലത്തെത്തി മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടത്തിൽ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തിയതോടെ പൊലീസ് വിശദമായി അന്വേഷിക്കുകയായിരുന്നു.
അനിഷയ്ക്ക് രണ്ട് വയസുള്ള പെൺകുട്ടിയുണ്ട്. ഇപ്പോൾ ഗർഭിണിയുമാണ്. രണ്ടുവർഷം മുമ്പാണ് അജാസ്ഖാനോടൊപ്പം താമസിക്കാൻ തുടങ്ങിയത്. മുസ്‌കാൻ തനിക്ക് ബാദ്ധ്യതയാകുമെന്ന തോന്നലിലാണ് അനീഷ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്നതെന്നതാണ് നിഗമനം. കോതമംഗലം എസ്.എച്ച്.ഒ പി.ടി. ബിജോയിയുടെ നേതൃത്വത്തിലുള്ള പൊലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തി. മുസ്കാന്റെ മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.