
തീർത്ഥ സ്ഥാനത്തേക്ക് പദയാത്രയിലായിരുന്നു ആ സന്യാസിവര്യൻ.ഒരു നാൾ അദ്ദേഹത്തിന് ഭിക്ഷയായി കിട്ടിയ റൊട്ടി അല്പം കഴിച്ചിട്ട് ബാക്കി ഭദ്രമായി ഭാണ്ഡത്തിൽ പൊതിഞ്ഞുകെട്ടി വച്ച ശേഷം കിടന്നുറങ്ങി. അതിരാവിലെ എഴുന്നേറ്റ് വീണ്ടും നടപ്പ് തുടർന്നു. അന്ന് രാത്രി ബാക്കിയുണ്ടായിരുന്ന റൊട്ടി കഴിക്കാനായി പൊതി അഴിച്ചപ്പോൾ അദ്ദേഹം അപരാധ ബോധത്താലും തനിക്ക് പറ്റിയ അശ്രദ്ധയാലും കരഞ്ഞു പോയി. റൊട്ടി തേടി ഭാണ്ഡത്തിൽ കയറിക്കൂടിയ കുഞ്ഞൻ ഉറുമ്പുകളെ കണ്ടപ്പോൾ ദുഃഖം താങ്ങാനായില്ല. അദ്ദേഹം വളരെ ശ്രദ്ധയോടെ ഒരു ഉറുമ്പിനെപ്പോലും നോവിക്കാതെയും താഴെക്കളയാതെയും സൂക്ഷിച്ച് റൊട്ടി വീണ്ടും പൊതിഞ്ഞു. ഒരു പകൽ മുഴുവൻ തിരിച്ച് നടന്ന് തലേ ദിവസം താൻ കിടന്നുറങ്ങിയ സ്ഥലത്ത് കൊണ്ടുപോയി ആ പൊതിയഴിച്ച് ഉറുമ്പുകളെ മുഴുവൻ അതിന്റെ കൂട്ടത്തോടൊപ്പം വിട്ടു. എന്നിട്ട് വളരെ സമാധാനത്തോടെ നിർവൃതിയോടെ മടങ്ങിപ്പോരുകയും ചെയ്തു.
മനുഷ്യവംശത്തിന്റെ മഹാപ്രബോധകൻമാരുടെ പരമ്പരയിലെ മഹാത്മാവ് കാരുണ്യത്തോടെ നടത്തിയ ആ തീർത്ഥാടനം ഓർക്കുമ്പോൾ തന്നെ നമ്മുടെ ഉള്ളിൽ കനിവുണരുന്നു.കനിവിന്റെ കൂടാരം തുറന്ന് വച്ചുകൊണ്ട് ഈശ്വര ദർശനത്തിലൂടെ സാമൂഹ്യനവോത്ഥാനം എന്ന ലക്ഷ്യത്തിലൂടെ ഒന്നിനെയും നോവിക്കാതെയും നശിപ്പിക്കാതെയും ഭൂമിയെയും പുഴയെയും വായുവിനെയും മലിനമാക്കാതെയും പഞ്ചശുദ്ധിയോടെ പരിസ്ഥിതിക്കിണങ്ങി തീർത്ഥാടനം നടത്താൻ മഹാഗുരുവായ ശ്രീനാരായണ ഗുരുദേവൻ അനുവാദം തന്നു.
ശിവഗിരിയിലേക്കുള്ള നമ്മുടെ ഓരോ യാത്രയും ആത്മശുദ്ധിയുടെയും പ്രകൃതി സംരക്ഷണത്തിന്റെയും അനുകമ്പയുടെയും യാത്രയായിരിക്കണം. അനുകമ്പാമൂർത്തിയായ ഗുരുദേവൻ കാരുണ്യത്തിന്റെ ബോധം ഉണർന്നിരിക്കണമെന്നും ഉപദേശിച്ചു. ഭഗവാന്റെ തിരുശരീരമാണ് ഈ മഹാപ്രപഞ്ചവും അതിലെ അനന്തകോടി ജീവജാലങ്ങളും എന്ന ചിന്ത നമ്മളിൽ നിന്ന് വിട്ടകലാതെ ഉള്ളിൽ സർവ്വഥാ ഉണ്ടായിരിക്കണമെന്നും ഓർമ്മിപ്പിച്ചു. അറിവ്, അൻപ്, അനുകമ്പ ഇവ മൂന്നിനും പൊരുളായിരിക്കുന്ന ജീവതാരകം അറിവാകുന്ന പരം പൊരുളാണ്. ആ പൊരുളിന്റെ തീർത്ഥാടനമാണ് ശിവഗിരി തീർത്ഥാടനം. അത് അനുകമ്പയുടെ തീർത്ഥാടനം കൂടിയാണ്. ത്യാഗത്തിന്റെയും പൊതുനൻമയുടെയും ഉദ്ബോധനം അതിന്റെ ഉള്ളടക്കത്തിൽ നിറഞ്ഞുനിൽക്കുന്നു.
തീർത്ഥാടനത്തിന് ഗുരു നിശ്ചയിച്ച യോഗ്യത വ്യക്തിയുടെ ശുദ്ധിക്കും, പ്രകൃതിയുടെ സംരക്ഷണത്തിനുമുള്ള ശ്രദ്ധ തന്നെയാണ്. അതാണ് തീർത്ഥാടനത്തിന്റെ പ്രഥമസന്ദേശം.
ഉള്ളിൽ ഭക്തി കൊണ്ടു തെളിയുന്ന ശ്രദ്ധ ശിവഗിരി തീർത്ഥാടനത്തിലൂടെ നമ്മുടെ ഹൃദയത്തിലെ വിലമതിക്കാനാകാത്ത, പൊലിയാത്ത വിളക്കിന്റെ വെളിച്ചം തെളിച്ച് നമ്മെ കരുണയുള്ളവരാക്കിത്തീർക്കട്ടെ. ഈ കരുണക്കടലിൽ നിന്നാണ് ഇനി മനുഷ്യ ലോകത്തിന് പരമ ശാന്തിയുടെ തീരമുണ്ടാകേണ്ടത്.