fire-force

പാലക്കുഴ: അപകടക്കെണിയൊരുക്കി വാഹനങ്ങളിൽ നിന്ന് ടാർമിക്സ് റോഡിലേക്ക് വീഴുന്നത് പതിവാകുന്നു. എംസി റോഡിൽ വടക്കൻ പാലക്കുഴ മേഖലയിൽ ടാർ മിക്സിംഗ് പ്ലാന്റിൽ നിന്ന് പോകുന്ന ടോറസ് ലോറികളിൽ നിന്നാണ് മിക്സിംഗ് റോഡിലേക്ക് വീഴുന്നത്. കഴിഞ്ഞ ദിവസം കുട്ടികളെ സ്കൂളിലാക്കാൻ എത്തിയ അമ്മമാരുടെ ദേഹത്ത് ടോറസ് ലോറിയിൽ നിന്ന് ചൂടുള്ള ടാർ മിക്സ് വീണ് പരിക്കേറ്റിരുന്നു.

അമിത വേഗത്തിലെത്തിയ ടോറസ് ലോറി വളവ് തിരഞ്ഞപ്പോൾ റോഡരികിൽ നിന്നിരുന്ന സ്ത്രീകളുടെ ദേഹത്തേക്ക് ടാർ മിക്സ് തെറിച്ചു വീഴുകയായിരുന്നു.

ലോറിയുടെ ലോഡ് കയറ്റിയ ഭാഗം മൂടിയിട്ടില്ലായിരുന്നതായി നാട്ടുകാർ പറയുന്നു. ഏതാനും നിമിഷം മുമ്പ് കുട്ടികൾ ബസിൽ കയറി പോയതി നാൽ അപകടം ഒഴിവായി. അമിത ലോഡുമായി എത്തുന്ന ലോറി കൾ സ്കൂൾ സമയത്തെ നിയന്ത്രണങ്ങൾ പോലും പാലിക്കുന്നില്ല. അഗ്നിരക്ഷാ സേനയെത്തി റോഡിൽ വീണ ടാർ മിക്സ് നീക്കം ചെയ്തു.

 ടാർ മിക്സിംഗ് പ്ലാന്റിൽ നിന്നുള്ള ലോഡുകൾ

ആറൂരിലെ ടാർ മിക്സിംഗ് പ്ലാന്റിൽ നിന്നു ലോഡുമായി പോകുന്ന ടോറസ് ലോറികളാണ് നാട്ടുകാർക്ക് ഭീഷണിയാകുന്നത്. മൂന്നു പ്ലാന്റുകളിൽ രണ്ടെണ്ണമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. സമീപത്തെ കോളനി നിവാസികൾ അസുഖ ബാധിതരാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടി പ്ലാന്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധമുണ്ട്.

വാഹനങ്ങളുടെ അമിത വേഗതക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ടാർ മിക്സിംഗ് യൂണിറ്റ് മൂലം ഉണ്ടാകുന്ന മറ്റു പ്രശ്നങ്ങൾക്കും പരിഹാരം കാണണം. ടാർ മിക്സ് പ്ലാന്റിന് എതിരെ പ്രതിഷേധിക്കുന്നവരെ കേസിൽ കുടുക്കുന്ന സ്ഥിതിയാണിപ്പോൾ

സാജു വർഗീസ്.

പാലക്കുഴ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്

പരിശോധന കർശനമാക്കുവാൻ ബന്ധപ്പെട്ടു വകുപ്പുകളുമായി ചേർന്ന് വേണ്ട നടപടികൾ സ്വീകരിക്കും.

കെ.എ. ജയ

പ്രസിഡന്റ്‌

പാലക്കുഴ ഗ്രാമപഞ്ചായത്ത്.