k

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യു (20) കൊലക്കേസിൽ വിചാരണ വൈകുന്നെന്ന അമ്മയുടെ ഹർജിയിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയോടാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

2018 സെപ്തംബർ 24ന് കുറ്റപത്രം നൽകിയിട്ടും വിചാരണ പ്രാഥമിക ഘട്ടത്തിലാണെന്ന് വട്ടവട സ്വദേശി ഭൂപതിയുടെ ഹർജിയിൽ പറയുന്നു. പ്രതികൾ ഹാജരാകാത്തതിനാൽ കേസ് തുടർച്ചയായി മാറ്റിവയ്‌ക്കുകയാണ്. വിചാരണ അനിശ്ചിതമായി നീളുന്നത് ഉന്നത രാഷ്ടീയ സ്വാധീനമുള്ള പ്രതികൾ രക്ഷപ്പെടാൻ വഴിയൊരുക്കും. സാക്ഷികളിലേറെയും വിദ്യാർത്ഥികളായതിനാൽ ജോലിക്കും മറ്റുമായി വിദേശത്തേക്ക് പോകാൻ സാദ്ധ്യതയുണ്ടെന്നും പറയുന്നു. 2018 ജൂലായ് രണ്ടിനാണ് അഭിമന്യു കോളേജ് കവാടത്തിൽ ക്യാമ്പസ് ഫ്രണ്ട് -പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കുത്തേറ്റ് മരിച്ചത്. 15 പ്രതികളുണ്ട്.