coconut

കോലഞ്ചേരി: കേരകർഷകർക്ക് ഏറെ ആശ്വാസമാണെങ്കിലും വെളിച്ചെണ്ണ വിലയിലെ കുതിപ്പ് സംസ്ഥാനത്തെ കുടുംബങ്ങൾക്ക് വലിയ ബാദ്ധ്യതയാകുന്നു. ഒരു മാസം മുമ്പ് 40 മുതൽ 50 രൂപ വരെയായിരുന്ന പൊതിച്ച തേങ്ങയുടെ ചില്ലറ വില്പന കിലോ നിലവിൽ 80 രൂപയ്ക്കടുത്തെത്തി. തേങ്ങയ്‌ക്കൊപ്പം വെളിച്ചെണ്ണ വിലയുടെയും കുതിക്കുന്നത് സാധാരണക്കാരന്റെ കുടുംബ ബഡ്ജ​റ്റിന്റെ താളം തെ​റ്റിക്കുന്നു. ശബരിമല സീസൺ തുടങ്ങിയതോടെയാണ് വിലക്കയറ്റം തുടങ്ങിയത്. ഇതോടെ വെളിച്ചെണ്ണ വില ലിറ്ററിന് 190 രൂപയിൽ നിന്നും 280 രൂപ വരെ ഉയർന്നു. വിളവ് മോശമായതോടെ നാടൻ തേങ്ങയുടെ ലഭ്യത കുറഞ്ഞു. കാസർഗോഡ്, മലപ്പുറം ജില്ലകളിൽ നിന്നുമാണ് എറണാകുളത്തേക്ക് തേങ്ങയെത്തുന്നത്. ഇവിടെയെത്തിക്കുന്നതിനുള്ള ചിലവ് കൂടിയതും വിലക്കയ​റ്റത്തിന് കാരണമാണ്. നാട്ടിൻ പുറങ്ങളിലെ തെങ്ങുകൾ ഒന്നിടവിട്ട വർഷമാണ് നല്ല വിളവു തരുന്നതെന്ന് കർഷകർ പറയുന്നു. മുൻ വർഷം നല്ല വിളവ് ലഭിച്ചപ്പോൾ ഇക്കുറി കുറഞ്ഞതായും പറയുന്നു.

തേങ്ങവില ഇടിഞ്ഞ് കർഷകർ വൻനഷ്ടം നേരിട്ടപ്പോൾ കിലോയ്ക്ക് 27 രൂപ താങ്ങു വില നിശ്ചയിച്ച് സർക്കാർ സംഭരിച്ചിരുന്നു. നാടൻ തേങ്ങയുടെ വില ഉയരുമ്പോഴും പാണ്ടിത്തേങ്ങ ലഭിച്ചിരുന്നു. വില കൂടിയതോടെ പാണ്ടിതേങ്ങയും കൊപ്രയാക്കി മാ​റ്റുന്നതിനാൽ വരവ് കുറഞ്ഞു.പാണ്ടിതേങ്ങയ്ക്ക് ഗുണം പോരെങ്കിലും അടുക്കള ആവശ്യങ്ങൾക്ക് താത്കാലിക പരിഹാരമായിരുന്നു.