mulavoor
മുളവൂർ തോട്ടിലേക്ക് മലിന ജലം ഒഴുക്കിയതിനെ തുടർന്ന് നിറം മാറിയ നിലയിൽ

മൂവാറ്റുപുഴ: നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന മുളവൂർ തോട്ടിലേക്ക് മലിന ജലം ഒഴുക്കി പാറമട - ക്രഷർ നടത്തിപ്പുകാർ. ഇതോടെ തോട് പാൽ നിറമായി പതഞ്ഞാണ് ഒഴുകുന്നത്. നിറം മാറ്റത്തെ തുടർന്ന് അലക്കുന്നതിനും കുളിക്കുന്നതിനും കഴിയാത്ത സ്ഥിതിയാണ്. അറവു ശാലകളും കാർ സർവീസ് സെന്ററും അടക്കമുള്ളവ മാലിന്യം തളളുന്നതിന് പിന്നാലെയാണ് പാറമട കൃഷറിൽ നിന്നുള്ള മലിന ജലം കൂടി ഒഴുക്കാൻ തുടങ്ങിയത്. ഇതോടെ ഒരു പ്രദേശത്തിന്റെ ശുദ്ധജല സ്രോതസായ തോട് മാലിന്യ വാഹിനിയായി മാറി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ കുറെ നാളുകളായി മാലിന്യമൊഴുക്കൽ നിറുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ തോട്ടിൽ കുളിക്കാൻ എത്തിയവരാണ് വെള്ളത്തിന്റെ നിറംമാറ്റം കണ്ടത്. പാറമണൽ കഴുകിയ വെള്ളം രാത്രി തോട്ടിലേക്ക് ഒഴുക്കുകയായിരുന്നു. പായിപ്ര, നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന ക്രഷറുകൾ, പാറമടകൾ എന്നിവയിൽ നിന്നാണ് മെറ്റലും മണലും കഴുകുന്ന വെള്ളം തോട്ടിലേക്ക് തുറന്നുവിടുന്നത്. ഇവിടെ കുളിക്കുന്നവർക്ക് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുകയും ചെയ്തു. പായിപ്രയിൽ നിന്ന് ഉത്ഭവിക്കുന്ന കൽച്ചിറ വഴിയാണ് മലിന ജലം തോടിലേയ്ക്ക് ഒഴുക്കുന്നത്.

കുളിക്കുന്നതിനും കൃഷിയ്ക്കും ഉപയോഗിക്കുന്ന വേനലിലും ജല സമൃദ്ധമായ തോടിനെ ആശ്രയിച്ച് നിരവധി കുടിവെള്ള പദ്ധതികളും പ്രവർത്തിക്കുന്നുണ്ട്. ഈ ജല സ്രോതസാണ് മാലിന്യം പേറി നശിക്കുന്നത്.

മുളവൂർ തോട്

അശമന്നൂർ പഞ്ചായത്തിലെ മേതലയിൽ നിന്ന് ഉത്ഭവിച്ച് നെല്ലിക്കുഴി, പായിപ്ര പഞ്ചായത്തുകളിലൂടെ കടന്ന് മൂവാറ്റുപുഴയാറിൽ അവസാനിക്കുന്നു

വടമുക്ക് പാലത്തിൽ നിന്ന് മുളവൂർ തോട്ടിലേയ്ക്ക് അറവ് മാലിന്യങ്ങളും കോഴിക്കട, മീൻ കടകൾ, സർവീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങളും തള്ളുന്നത് പതിവാണ്.

രാത്രി കാലങ്ങളിൽ ദൂരെ ദിക്കുകളിൽ നിന്നുപോലും വാഹനത്തിൽ മാലിന്യം എത്തിച്ചാണ് വിജനമായി വടമുക്ക് പാലത്തിൽ നിന്ന് മാലിന്യങ്ങൾ തോട്ടിലേക്ക് തള്ളുന്നത്

പായിപ്ര ഗ്രാമപഞ്ചായത്തിലെ പ്രധാന ശുദ്ധജല സ്രോതസുകളിൽ ഒന്നായ മുളവൂർ തോട് മാലിന്യ നിക്ഷേപവും അനധികൃത കൈയേറ്റവും മൂലം നാശത്തിന്റെ വക്കിൽ