മൂവാറ്റുപുഴ: മൂവാറ്റുപുഴ - കാക്കനാട് നാലുവരിപ്പാതയുടെ ഭരണാനുമതിക്കായി മുൻ എം.എൽ.എമാരായ ബാബു പോൾ, ഗോപി കോട്ടമുറിക്കൽ, മുൻ നഗരസഭ ചെയർമാൻ പി.എം. ഇസ്മയിൽ എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി. മൂവാറ്റുപുഴ ഉൾപ്പെടെയുള്ള എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയെ ജില്ലാ ആസ്ഥാനമായ കാക്കനാടും എറണാകുളം നഗരത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന വളരെ പ്രാധാന്യമേറിയതും ദൈർഘ്യം കുറഞ്ഞതുമായ റോഡാണ് മൂവാറ്റുപുഴ - കാക്കനാട് - എറണാകുളം റോഡ്. നിലവിലുള്ള ഈ റോഡ് 4 വരി റോഡായി വികസിപ്പിക്കുന്നതിന് 2000-2010 ല സംസ്ഥാന ബഡ്ജറ്റിൽ 3 കോടി രൂപ അനുവദിച്ച് സർവേ നടത്തുന്നതിന് അനുമതി ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മാസം കിഫ്ബി ബോർഡിൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ തങ്കളം - കാക്കനാട് റോഡിന്റെ അലൈൻമെന്റ് ഐ.ആർ.സി നോംസ് പ്രകാരമല്ല തയ്യാറാക്കിയിട്ടുളളതെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ രണ്ട് റോഡുകൾക്കും ഭരണാനുമതി നൽകാതെ മാറ്റിവച്ചിരിക്കുകയാണ്.