rms

കൊച്ചി: ജില്ലയിൽ ഇരുനൂറിലധികം കരാർ തൊഴിലാളികളെ വഴിയാധാരമാക്കുകയും തപാൽ ഇടപാടിന് വേഗം കുറയ്ക്കുകയും ചെയ്ത തപാൽ വകുപ്പിന്റെ റെയിൽവേ മെയിൽ സർവീസ് (ആർ.എം.എസ്) ലയനത്തിൽ തൊഴിലാളി പ്രതിഷേധം പുകയുന്നു. അനിശ്ചിതകാല സമരത്തിന് മുന്നോടിയായി തൊഴിലാളി സംഘടനങ്ങളുടെ ആഹ്വാനം ചെയ്ത രാപ്പകൽ സമരത്തിന് ഇന്നലെ ജില്ലാ തപാൽ ഓഫീസിന് മുന്നിൽ തുടക്കമായി. രാപ്പകൽ സമരം കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി സുധീഷ് ബാബു ഉദ്ഘാടനം ചെയ്തു.

ഷിഫ്റ്റെടുത്ത് സമരം

തപാൽ ഇടപാടുകളെ ബാധിക്കാതിരിക്കാൻ ജീവനക്കാർ കൃത്യമായ ഷിഫ്റ്റുകളിലാണ് സമരത്തിന്റെ ഭാഗമാകുന്നത്. നൂറിലധികം പേർ നിരാഹാര സത്യാഗ്രഹത്തിൽ അണിനിരന്നു. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ എട്ട് ആർ.എം.എസുകളെ ജില്ലാ ആസ്ഥാനങ്ങളിലേക്ക് ലയിപ്പിച്ചത്. എറണാകുളം ഡിവിഷനിലെ ആലുവ, ഇരിഞ്ഞാലക്കുട സോർട്ടിംഗ് ഓഫീസുകളെ എറണാകുളം, തൃശൂർ ആർ.എം.എസുകളുമായി ലയിപ്പിക്കുകയായിരുന്നു.

പ്രതിദിനം 10,000 പോസ്റ്റൽ ഉരുപ്പടികൾ എത്തുന്ന ഓഫീസുകളാണ് രണ്ടും. ആലുവയിൽ 58 സ്ഥിരം ജീവനക്കാരും 15 താത്കാലിക ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 37 പേർ സ്ഥിരം ജീവനക്കാരും 10 പേർ താത്കാലിക ജീവനക്കാരുമാണ് ഇരിഞ്ഞാലക്കുടയിൽ ഉണ്ടായിരുന്നത്.

 നടപടിയില്ല

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് താപാൽ തൊഴിലാളി സംഘടനങ്ങൾ വകുപ്പിന് നിവേദനം നൽകിയിട്ടുണ്ട്. എന്നാൽ ഉന്നതഉദ്യോഗസ്ഥർ ഇത് പരിഗണിച്ചിട്ടില്ല. ലയന ഉത്തരവിൽ ആവശ്യമുള്ള ആർ.എം.എസുകൾ നിലനിറുത്താമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കിലും എല്ലാം ലയിപ്പിക്കാൻ തന്നെയാണ് കേരള സർക്കിളിന്റെ തീരുമാനമെന്ന് തൊഴിലാളി സംഘടന നേതാവ് ആരോപിച്ചു. പ്രശ്‌നപരിഹാരം കണ്ടില്ലെങ്കിൽ 27ന് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.

 ആവശ്യങ്ങൾ
1. തപാൽ സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കുക
2. സി.ആർ.സി-എൻ.എസ്.എച്ച് ലയനം പിൻവലിക്കുക
3.ആർ.എം.എസ് ഓഫീസുകളിൽ ഐ.സി.എച്ച് അനുവദിക്കുക
4 ഐ.സി.എച്ച് അനുവദിക്കും വരെ ആർ.എം.എസ് തുടരുക