d

കൊച്ചി: ശബരിമലയിൽ മണ്ഡലപൂജ പ്രമാണിച്ച് വിപുലമായ ക്രമീകരണം ഏർപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. 26ന് ഉച്ചയ്‌ക്ക് 12 മുതൽ 12.30 വരെയാണ് മണ്ഡലപൂജ.

25ന് ഉച്ചയ്‌ക്ക് നടയടച്ചാൽ വൈകിട്ട് അഞ്ചുവരെ തീർത്ഥാടകരെ പമ്പയിൽനിന്ന് കയറ്റിവിടില്ല.
ഉച്ചയ്‌ക്ക് 1.30ന് തങ്ക അങ്കി പമ്പയിലെത്തും. 3.30വരെ പമ്പയിൽ തങ്കഅങ്കി ദർശനം. തുടർന്ന് ഘോഷയാത്രയായി 6.15ന് സന്നിധാനത്തെത്തും. 6.30വരെ തങ്കഅങ്കി ചാർത്തി ദീപാരാധന. അതിനുശേഷമേ അയ്യപ്പൻമാരെ പതിനെട്ടാം പടി കയറാൻ അനുവദിക്കൂ.
അന്നുരാത്രി 11ന് ഹരിവരാസനം കഴിഞ്ഞ് നടയടച്ച് 30ന് വൈകിട്ട് നാലിന് തുറക്കുമെന്നും ദേവസ്വം ബോർഡിനായി ഹാജരായ അഡ്വ. ജി. ബിജു അറിയിച്ചു.

ബുക്കിംഗ് കുറയ്ക്കും
25ന് വെർച്വൽ ക്യൂ ബുക്കിംഗ് 50,000, 26ന് 60,000 എന്നിങ്ങനെ പരിമിതപ്പെടുത്തും. 25നും 26നും തത്സമയ ബുക്കിംഗ് 5,000 ആയും ക്രമീകരിക്കും.


സുരക്ഷ ശക്തമാക്കണം:

ഹൈക്കോടതി
സന്നിധാനം, പമ്പ, പാർക്കിംഗ് കേന്ദ്രങ്ങൾ , മറ്റ് ഇടത്താവളങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷാക്രമീകരണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് നിർദ്ദേശിച്ചു.

നിലയ്‌ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ പിന്നിലേക്കെടുത്ത ബസ് കയറി തീർത്ഥാടകനായ തമിഴ്‌നാട് സ്വദേശി ഗോപിനാഥ് മരിച്ച സാഹചര്യത്തിലായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം.

നിരീക്ഷണം ശക്തമാക്കുന്നതിനു പുറമേ മൈക്ക് അനൗൺസ്‌മെന്റുകൾ വഴി മുന്നറിയിപ്പ് നൽകുകയും വേണം. പൊലീസ്, ദേവസ്വം ജീവനക്കാർ,വോളന്റിയർമാർ തുടങ്ങിയവർ കൂടുതൽ ജാഗ്രത പുലർത്തണം.