കൊച്ചി: എറണാകുളം വെണ്ണലയിൽ അമ്മയുടെ മൃതദേഹം മകൻ മറ്റാരുമറിയാതെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവത്തിൽ തുടർനടപടിക്ക് ഫോറൻസിക് റിപ്പോർട്ട് കാത്ത് പൊലീസ്. കേസിൽ കസ്റ്റഡിയിലെടുത്ത വെണ്ണല സെന്റ് മാത്യൂസ് ചർച്ച് റോഡ് നെടിയാറ്റിൽ ലെയിൻ നെടിയാറ്റിൽ വീട്ടിൽ പ്രദീപി (45)നെ പൊലീസ് വിട്ടയച്ചിരുന്നു. പ്രദീപിന്റെ അമ്മ അല്ലി (78)യുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന വിലയിരുത്തലിലായിരുന്നു ഇത്. ഇവരുടെ ആന്തരികാവയവങ്ങൾ ഇന്നലെ ഫോറൻസിക് പരിശോധനയ്‌ക്ക് കൈമാറി. ഈ റിപ്പോർട്ട് കിട്ടിയശേഷമേ പൊലീസിന് മറ്റ് നടപടികളിലേക്ക് കടക്കാനാകൂ.
പ്രമേഹ രോഗിയായിരുന്ന അല്ലി രോഗം മൂർച്ഛിച്ച് ബുധനാഴ്ച പുലർച്ചെയാണ് മരിച്ചത്. ഈ സമയം പ്രദീപ് മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. മദ്യ ലഹരിയിലായ ഇയാൾ നാല് മണിയോടെ സമീപത്തെ വീടുകളിലെത്തി അമ്മ മരിച്ചെന്നും സംസ്‌കരിക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വിശ്വസിച്ചില്ല. പിന്നീട് പ്രദീപ് മൃതദേഹം കുഴിച്ചിടുന്ന കാഴ്ചയാണ് നാട്ടുകാർ കണ്ടത്. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയും കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. അല്ലിയുടെ സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് നടത്തി.