 
പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിൽ 2023- 24 പദ്ധതിയിൽപ്പെടുത്തി നടപ്പാക്കിയ സമഗ്ര കേര സംരക്ഷണ പദ്ധതി പാളി. പഞ്ചായത്തിലെ മുഴുവൻ തെങ്ങുകളുടെയും തല വൃത്തിയാക്കി എല്ലാം മടലുകളുടെ ഉള്ളിലും മരുന്നൊഴുക്കുന്നതായിരുന്നു പദ്ധതി, എന്നാൽ കർഷകനെ മരുന്നിന്റെ അളവു ബോദ്ധ്യപ്പെടുത്തുകയോ കൃത്യമായി ഒഴിക്കുകയോ ചെയ്തിട്ടില്ല. ഒരു ബക്കറ്റിൽ കൂട്ടിയ മരുന്നുമായി വന്ന് കൂമ്പിൽ നേരിട്ട് ഒഴിക്കുകയായിരുന്നു. പദ്ധതി നടപ്പാക്കിയപ്പോൾ തന്നെ കർഷകരിൽ നിന്ന് പരാതി ഉയർന്നെങ്കിലും അത് പഞ്ചായത്ത് അധികൃതരോ കൃഷിവകുപ്പോ കാര്യമായി എടുത്തില്ല. മരുന്ന് പ്രയോഗത്തിനുശേഷം ആറുമാസം കഴിഞ്ഞപ്പോഴേക്കും തെങ്ങുകൾക്ക് കൂമ്പ് ചീയലും ചെല്ലി കുത്തലും വ്യാപകമായി. പരാതിയുമായി കർഷകർ എത്തിയപ്പോൾ പ്രദേശത്തെ എല്ലാ തെങ്ങുകൾക്കും ഒരുമിച്ച് മരുന്നുപ്രയോഗം നടത്തിയാൽ മാത്രമാണ് രോഗം മാറുകയുള്ളൂ എന്ന വിചിത്രമായ മറുപടിയാണ് കൃഷി ഓഫിസർ നൽകിയത്. മരുന്ന് പ്രയോഗിച്ചിട്ട് ആറുമാസമായിട്ടില്ലെന്ന് പറഞ്ഞപ്പോൾ അതൊന്നും അറിയില്ലെന്നും താൻ പുതിയ ആളാണെന്നും പറഞ്ഞ് കൃഷി ഓഫിസർ കൈയൊഴിഞ്ഞു.
കേരളത്തിലെ തെങ്ങ് കൃഷി 10 ശതമാനമായി കുറഞ്ഞപ്പോഴും സർക്കാരുകൾ ഫണ്ടുകൾ കൃത്യമായി കൃഷിവകുപ്പിന്റെ മേൽനോട്ടം ഇല്ലായ്മയിൽ പാഴായി പോകുന്നതിന്റെ ഉദാഹരണമാണ് കൂവപ്പടി പഞ്ചായത്തിലെ കൃഷി ഓഫീസറുടെ മറുപടിയെന്ന് തെങ്ങു കർഷകർ പറയുന്നു.
കൂവപ്പടി പഞ്ചായത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന തെങ്ങുരോഗത്തിന് ശാശ്വത പരിഹാരം കണ്ടെത്തണം. കൃഷി വകുപ്പ് വേണ്ട നടപടികൾ സ്വീകരിക്കണം
ദേവച്ചൻ പടയാട്ടിൽ
കർഷകൻ