swisston

കണ്ണൂർ: കേരളത്തിലെ ആദ്യത്തെ വ്യാവസായിക ടൂറിസം ക്യാമ്പസായ സ്വിസ്റ്റൺ രാജ്യത്തിന് മാതൃകയാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കണ്ണൂർ കൂത്തുപറമ്പിലെ മൂരിയാടുള്ള വലിയ വെളിച്ചം കെ.എസ്.ഐ.ഡി.സിയുടെ ഇൻഡസ്ട്രിയൽ ഗ്രോത്ത് സെന്ററിലെ അൽഫാസ് വുഡ് പ്രൊഡക്ട്സിന്റെ സ്വിസ്റ്റൺ ക്യാമ്പസിന്റെ സോഫ്റ്റ് ലോഞ്ചിംഗിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 12 ഏക്കറിൽ നൂറ് കോടി രൂപ മുതൽമുടക്കിയാണ് സ്വിസ്റ്റൺ ക്യാമ്പസിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയത്.

സ്വിസ്റ്റൺ ക്യാമ്പസ് പോലുള്ള പുതിയ ആശയങ്ങൾ നടപ്പാക്കുന്ന ഷിബു അബൂബക്കർ വ്യവസായ കേരളത്തിന്റെ ഭാവി പ്രതീക്ഷയാണെന്ന് പി.ജയരാജൻ അഭിപ്രായപ്പെട്ടു. വനവൽക്കരണത്തിനായി വൃക്ഷതൈകളും സ്വിസ്റ്റൺ ക്യാമ്പസിൽ നട്ടു. സൗഹൃദ വ്യവസായമായതിനാൽ മിയാവാക്കി വനവും മിയാവാക്കി ഫ്രൂട്ട് ഫോറസ്റ്റും ഔഷധസസ്യ തോട്ടവും നിർമ്മിച്ചതിന് ശേഷം ഏപ്രിലിലാണ് സ്വിസ്റ്റൺ ക്യാമ്പസിന്റെ ഗ്രാൻഡ് ഓപ്പണിംഗ് നടക്കുന്നത്.

മുൻ ആരോഗ്യ മന്ത്രിയും എം.എൽ.എയുമായ കെ.കെ ശൈലജ, സണ്ണി ജോസഫ് എം.എൽ.എ, ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ, എ.ഐ.കെ.എസ് ജനറൽ സെക്രട്ടറി പനോളി വൽസൻ, കെ.എസ്.ഐ.ഡി.സി ജനറൽ മാനേജർ പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.

സ്വിസ്‌റ്റൺ ക്യാമ്പസ്

ആർക്കിടെക്‌റ്റുകൾക്കും എൻഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കും വ്യവസായികളാകാൻ ആഗ്രഹിക്കുന്നവർക്കും ഉത്പന്ന നിർമ്മാണം കാണാൻ ആഗ്രഹിക്കുന്നവർക്കും സ്വിസ്റ്റൺ കണ്ണൂർ ക്യാമ്പസിന്റെ ഇൻഡസ്ട്രിയൽ ടൂറിസം സംരംഭത്തിൽ അവസരം ലഭിക്കും. ആദ്യത്തെ ടൂറിസം ക്യാമ്പസായ സ്വിസ്റ്റൺ ക്യാമ്പസിന് വ്യവസായ വകുപ്പും കെ.എസ്.ഐ.ഡി.സിയും നൽകുന്ന പിന്തുണ ഏറെയാണെന്ന് കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഷിബു അബൂബക്കർ പറഞ്ഞു.