കൊച്ചി: ക്രിസ്മസ് -പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ലഹരിമരുന്നെത്തിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് കൊച്ചിയിൽ പൊലീസ് നടത്തുന്ന വ്യാപക പരിശോധനയിൽ ഇന്നലെ 47 പേർ അറസ്റ്റിലായി. 41 കേസുകൾ രജിസ്റ്റർ ചെയ്തു. പരിശോധനയിൽ എൽ.എസ്.ഡി സ്റ്റാമ്പുകളും എം.ഡി.എം.എയും കഞ്ചാവും കണ്ടെടുത്തു. കൂടിയ അളവിൽ ലഹരിമരുന്നും പിടിച്ചെടുത്തിട്ടുണ്ട്. മരട്, ഹിൽപാലസ് പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന റെയ്ഡിന് സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയാണ് നേതൃത്വം നൽകുന്നത്.

ഇന്നലെ രാവിലെ ഏഴ് മുതൽ ആരംഭിച്ച പരിശോധന രാത്രിയും തുടരുകയാണ്. ഒരേ സമയം 60ലധികം ഇടങ്ങളിലാണ് പരിശോധന. 250 പൊലീസുകാരാണ് രംഗത്തുള്ളത്. ഹോട്ടലുകൾ, മസാജ് പാർലർ, ഹോം സ്റ്റേ, സ്ഥിരമായി ലഹരി പിടികൂടുന്ന സ്ഥലങ്ങൾ, ഒറ്റപ്പെട്ട ഇടങ്ങൾ, ബ്ലാക്ക് സ്‌പോട്ടുകൾ തുടങ്ങിയ ഇടങ്ങളിലാണ് പരിശോധന.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ കൊച്ചിയിൽ നിന്ന് മയക്കുമരുന്ന് വില്പനയ്ക്കും ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസുകളിൽ 15 പേരെയാണ് പൊലീസും എക്‌സൈസും പിടികൂടിയത്. ആഘോഷങ്ങൾ കണക്കിലെടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി കൊച്ചിയിലേക്ക് ലഹരി വസ്തുക്കൾ എത്തിയേക്കുമെന്നാണ് രഹസ്യവിവരം. മുമ്പ് ലഹരി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവർ പൊലീസ് നിരീക്ഷണത്തിലാണ്.