കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ ഫ്രട്ടേണിറ്റി പ്രവർത്തകന് മർദ്ദനമേറ്റ സംഭവത്തിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം സ്വദേശിയും മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയുമായ ഫ്രട്ടേണിറ്റി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ബാസിലിനാണ് മർദ്ദനമേറ്റത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാസിലിന്റെ പരാതിയിലാണ് കേസ്. എസ്.എഫ്.ഐ പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി. വ്യാഴാഴ്ച ക്ലാസ് സമയത്തിന് ശേഷം കോളേജിൽ വൈകിട്ടോടെയായിരുന്നു സംഭവം.
എട്ടോളം വരുന്ന എസ്.എഫ്.ഐ പ്രവർത്തകർ സംഘം ചേർന്ന് അക്രമിക്കുകയായിരുന്നുവെന്നും കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് മുതലുണ്ടായിരുന്ന മുൻവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നുവെന്നും ഫ്രട്ടേണിറ്റി പ്രവർത്തകർ ആരോപിച്ചിരുന്നു. ഫ്രറ്റേണിറ്റി പ്രവർത്തകരുടെ മർദ്ദനമേറ്റ്
രണ്ട് എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. രണ്ടാം വർഷ വിദ്യാർത്ഥിയായ പ്രണവ്, മൂന്നാം വർഷ വിദ്യാർത്ഥി സെയ്ത് എന്നിവർക്കാണ് പരിക്കേറ്റത്.
ഇരുവരും ചികിത്സതേടി. കേളേജ് യൂണിയൻ നേതൃത്വത്തിൽ ക്യാമ്പസിൽ കലാപരിപാടികൾ നടക്കുന്നതിനിടയിലാണ് സംഘർഷമുണ്ടാക്കിയതെന്ന് എസ്.എഫ്.ഐ പ്രവർത്തകർ പറയുന്നു.
എസ്.എഫ്.ഐ മുൻ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾറഹ്മാനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലടക്കം പ്രതിയാണ് ബാസി.