
ചോറ്റാനിക്കര: ചോറ്റാനിക്കര പഞ്ചായത്തിലെ എരുവേലി ശാന്തിതീരം ശ്മശാനത്തിലേക്കുള്ള ടാറിട്ട റോഡ് കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാർ. കുണ്ടും കുഴിയും ചരലും മണ്ണും നിറഞ്ഞ് ഓഫ് റോഡ് റൈഡിന് പറ്റിയ തരത്തിലാണ് ഇപ്പോൾ ഈ റോഡ്. ബൈക്ക് യാത്രക്കാരും കുട്ടികളുമായി പോകുന്ന സ്കൂൾ ബസുകളുൾപ്പെടെ ഈ റോഡിലൂടെ പോകുമ്പോൾ വീഴാതെയും അപകടം പറ്റാതെയും ലക്ഷ്യസ്ഥാനത്തെത്താൻ ശ്വാസമടക്കിപ്പിടിച്ചാണ് യാത്ര.
പ്രതിഷേധമായി ഓഫ്റോഡ് റൈഡ്
സാഹസികത ഇഷ്ടപ്പെടാതിരുന്ന ഈ പ്രദേശത്തെ നാട്ടുകാർ ഇപ്പോൾ ഇവിടുത്തെ റോഡുമായി പൊരുത്തപ്പെട്ട് തുടങ്ങി. റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് പുതുവത്സരത്തിന് ഈ റോഡിൽ ഓഫ് റോഡ് റൈഡ് സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷൻ. റോഡിലൂടെ എന്നും യാത്ര ചെയ്ത് നിത്യാഭ്യാസികളായവർ പങ്കെടുക്കുമെന്ന് ഇവർക്ക് ഉറപ്പാണ്.
വളവുകളും കയറ്റിറക്കങ്ങളും ഗർത്തങ്ങളുമെല്ലാമുള്ള എരുവേലി ശാന്തിതീരം ശ്മശാനം റോഡ് 2 കിലോമീറ്റർ ദൂരമുണ്ട്. പ്രാദേശിക കുടിവെള്ള പദ്ധതിയുടെ ഭാഗമായി രണ്ടുവർഷം മുമ്പാണ് ആദ്യമായി റോഡ് കുത്തിപ്പൊളിച്ചത്. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വീണ്ടും കുത്തിപ്പൊളിച്ചു. ഇലക്ഷൻ കാലത്ത് റോഡ് നന്നാക്കാമെന്ന് വാഗ്ദാനം നൽകുന്നതല്ലാതെ ഒന്നും നടക്കാറില്ല.
റോഡ് ടാറിംഗ് മാർച്ച് മാസത്തിനുള്ളിൽ പൂർത്തീകരിക്കും. ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്.
രജനി മനോഷ്
ഗ്രാമപഞ്ചായത്ത് അംഗം
ഗ്രാമീണ റോഡുകൾ ടാറിംഗിന് ടെൻഡർ നടപടികൾ സ്വീകരിച്ചുവെങ്കിലും ഉത്തരവാദിത്തപ്പെട്ടവർ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കാൻ ശ്രമിക്കുന്നില്ല. നിർമാണം ഏറ്റെടുക്കുന്ന കോൺട്രാക്ടർമാർ സമയബന്ധിതമായി പണി പൂർത്തിയാക്കുന്നുമില്ല.
ലൈജു ജനകൻ
പ്രതിപക്ഷ പഞ്ചായത്ത് അംഗം