ചോറ്റാനിക്കര: മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പൊലീസുകാർ ആക്രമിക്കപ്പെട്ട സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഓർത്തഡോക്സ് വിഭാഗക്കാരായ ഏബെൽ ലെജി, ബിജു എന്നിവരെയാണ് ഇന്നലെ വെളുപ്പിന് മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. വികാരിയടക്കം അഞ്ചുപേർ ആക്രമണത്തിന് നേതൃത്വം നൽകിയെന്നാണ് പൊലീസ് പറയുന്നത്.
വെള്ളിയാഴ്ച അർദ്ധരാത്രി നടന്ന അക്രമത്തിൽ മുളന്തുരുത്തി എസ്.എച്ച്.ഒ. മനേഷ് പൗലോസിനും മറ്റൊരു പൊലീസുദ്യോഗസ്ഥനും പരിക്കേറ്റു. ഇരുവിഭാഗത്തിന്റെയും പെരുന്നാൾ പ്രദക്ഷിണദിനമായിരുന്നു വെള്ളിയാഴ്ച. ഓർത്തഡോക്‌സ് പക്ഷം ആരാധന നടത്തുന്ന മാർത്തോമ്മൻ പള്ളിയുടെ മുന്നിലൂടെ യാക്കോബായ പ്രദക്ഷിണം പോയപ്പോഴാണ് പ്രശ്നങ്ങളാരംഭിച്ചത്. ഈ സമയത്ത് മാർത്തോമൻ പള്ളിയിൽ ഓർത്തഡോക്‌സ് പക്ഷം ഉച്ചത്തിൽ വാദ്യോപകരണങ്ങളുപയോഗിച്ചു. പ്രദക്ഷിണം നടക്കുമ്പോൾ മറുവിഭാഗം 25 മിനിറ്റ് വാദ്യഘോഷങ്ങൾ ഉപയോഗിക്കുകയോ ഒച്ചയിടുകയോ ചെയ്യാൻ പാടില്ലെന്നായിരുന്നു ധാരണ.
കരാർ ലംഘിക്കരുതെന്ന് പള്ളിയിലെത്തി ഓർത്തഡോക്‌സ് പക്ഷത്തുള്ളവരോട് എസ്.എച്ച്.ഒ. അറിയിച്ചപ്പോഴാണ് തർക്കവും അക്രമവും ഉണ്ടായത്. പുത്തൻകുരിശിൽ നിന്ന് കൂടുതൽ പൊലീസും റൂറൽ എസ്.പി.യും രാത്രിതന്നെ സ്ഥലത്തെത്തി. പൊലീസ് സ്ഥലത്തെത്തിയതോടെ ഗോബാക്ക് മുദ്രാവാക്യവുമായി ഓർത്തഡോക്സ് വിഭാഗം അണിനിരന്നു.