f

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വിമർശനത്തെ പോസിറ്റീവായി എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. 'എന്റെ നാക്ക് ശരിയല്ലെന്നു പറഞ്ഞതിന് അദ്ദേഹത്തിനെതിരെ മെക്കിട്ടുകയറാനില്ല." താൻ വിമർശനത്തിന് അതീതനല്ലെന്നും സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷനേതാവ് പറയുന്നത് ശരിയല്ലെന്ന് പരിണിതപ്രജ്ഞനായ ഒരു നേതാവ് പറഞ്ഞാൽ പരിശോധിക്കും. തിരുത്തേണ്ടത് തിരുത്തും. അടുത്തകാലത്ത് നാക്കുപിഴ സംഭവിച്ചോയെന്നു പരിശോധിക്കും.

കേരളത്തിൽ ഏറ്റവും കൂടുതൽ പേരെ വിമർശിക്കുന്നത് പ്രതിപക്ഷ നേതാവായിരിക്കും. പ്രതിപക്ഷനേതാവിനെ ആരും വിമർശിക്കാൻ പാടില്ലെന്ന് പറയില്ല. വെള്ളാപ്പള്ളി എല്ലാം പറയുന്ന ആളാണ്. കോൺഗ്രസ് മുഖ്യമന്ത്രിയാകാൻ അദ്ദേഹത്തിന് ഇഷ്ടമുള്ളയാളുടെ പേര് പറഞ്ഞതിൽ കുഴപ്പമില്ല. പിണറായി വിജയൻ മൂന്നാമതും ഭരണത്തിൽ എത്തുമെന്ന് പറഞ്ഞിരുന്ന വെള്ളാപ്പള്ളി, കോൺഗ്രസിന്റെ മുഖ്യമന്ത്രി ഉണ്ടാകുമെന്ന് പറഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ട്.

എൻ.എസ്.എസിന്

അകൽച്ചയില്ല

'എൻ.എസ്.എസ് രമേശ് ചെന്നിത്തലയെ വിളിച്ചത് നല്ല കാര്യമാണ്. ശശി തരൂരിനെയും കെ. മുരളീധരനെയും ഉമ്മൻ ചാണ്ടിയെയും മുമ്പ് വിളിച്ചിട്ടുണ്ട്. ശിവഗിരിയിലും ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷനിലും ഞാൻ പങ്കെടുക്കുന്നുണ്ട്. ക്രൈസ്തവരുടെ പരിപാടിയിലും പങ്കെടുത്തു. എൻ.എസ്.എസിന് എന്നോട് അകൽച്ചയുണ്ടെന്ന് തോന്നുന്നില്ല." ശബരിമല വിവാദകാലത്ത് സംഘപരിവാർ എൻ.എസ്.എസിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചപ്പോൾ പുറത്തുനിറുത്താൻ തീരുമാനിച്ച നേതൃത്വമാണ് എൻ.എസ്.എസിനുള്ളതെന്നും സതീശൻ പറഞ്ഞു.