
കൊച്ചി: നഗരത്തിലെ പാർക്കിംഗ് സ്പേസുകളെല്ലാം സ്മാർട്ടാകുന്നു. സി.എസ്.എം.എൽ നടപ്പിലാക്കുന്ന സ്മാർട്ട് പാർക്കിംഗുകളുടെ ഉദ്ഘാടനം അടുത്ത മാസം അവസാനത്തോടെ നടക്കും. എ.എൻ.പി.ആർ (ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റഗഗിനേഷൻ) ക്യാമറ ഉപയോഗിച്ചാകും പാർക്കിംഗ്.
കൊച്ചിയിലെ 18 മെട്രോ സ്റ്റേഷനുകൾ, മറൈൻഡ്രൈവ്, ബോട്ട് ജെട്ടി, ഡി.ടി.പി.സി, ജെ.എൻ.എൽ സ്റ്റേഡിയം എന്നിവിടങ്ങളാണ് സ്മാർട്ട് പാർക്കിംഗ് സൗകര്യത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ആലുവ, അമ്പാട്ടുകാവ്, കുസാറ്റ്, ഇടപ്പള്ളി എന്നീ മെട്രോ സ്റ്റേഷനുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മറൈൻഡ്രൈവിലേക്ക് ആവശ്യമായ അഞ്ച് ക്യാമറകൾ, ബൂം ബാരിയറുകൾ എന്നിവ എത്തിച്ചിട്ടുണ്ട്. ഇവിടെ മൂന്ന് എൻട്രിയും രണ്ട് എക്സിറ്റുമാണുള്ളത്. ബോട്ട് ജെട്ടി, ജെ.എൻ.എൽ സ്റ്റേഡിയം എന്നിവിടങ്ങളിൽ ക്യാമറകൾ സ്ഥാപിച്ച് പാർക്കിംഗ് ആരംഭിച്ചു. സ്റ്റേഡിയത്തിൽ 10, ബോട്ട് ജെട്ടിയിൽ എട്ട് ക്യാമറകളുമാണുള്ളത്. മറൈൻഡ്രൈവിൽ മാത്രമേ ബൂം ബാരിയറുകളുള്ളു. പാർക്കിംഗ് എളുപ്പവും കൃത്യമാക്കുകയുമാണ് ലക്ഷ്യം. എയർപോർട്ട് നിലവാരത്തിൽ നടപ്പാക്കുന്ന എല്ലാ പാർക്കിംഗുകളുടെയും ഉദ്ഘാടനം അടുത്ത മാസത്തോടെ പൂർത്തിയാകും.
പാർക്കിംഗ് നേരത്തെ ബുക്ക് ചെയ്യാം
സ്മാർട്ട് പാർക്കിംഗ് വരുമ്പോൾ എല്ലാം ഓട്ടോമാറ്റിക്കാകും. വാഹനങ്ങൾ പ്രവേശിക്കുമ്പോൾ ക്യാമറകളിലൂടെ വാഹനത്തിന്റെ നമ്പർ, ഏത് തരം വാഹനം, പ്രവേശിക്കുന്ന സമയം എന്നിവ ഡിറ്റക്റ്റ് ചെയ്യും. എത്രസമയം വാഹനം പാർക്കിംഗ് സ്ഥലം ഉപയോഗിച്ചുവെന്ന് മനസിലാക്കി പാർക്കിംഗ് ഫീസ് ഈടാക്കും.
1. ഫാസ്റ്റ് ടാഗ്, ഡെബിറ്റ് കാർഡ്, യു.പി.ഐ എന്നിവ ഉപയോഗിച്ച് പണം അടയ്ക്കാം.
2. ക്യാമറ ഉപയോഗിച്ച് എവിടെയൊക്കെ പാർക്ക് ചെയ്യാനുള്ള സ്ഥലമുണ്ടെന്ന് അറിയാം
3. മുൻകൂറായി പാർക്കിംഗ് സ്പേസ് ബുക്ക് ചെയ്യാനുള്ള സംവിധാനമുണ്ടാകും. മൊബൈൽ ആപ്ലിക്കേഷൻ വഴി പാർക്കിംഗ് സ്പേസ് ലഭ്യമാണോ എന്ന് അറിയാൻ സാധിക്കും. ഇതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നത് അവസാനഘട്ടത്തിലാണ്.
4.18 കോടിരൂപ
പദ്ധതിക്കായി വകയിരുത്തിയ തുക.
ഹൈ സെക്യൂരിറ്റി
മറൈൻഡ്രൈവിന്റെ വികസനത്തിന്റെ ഭാഗമായി വലിയ സെക്യൂരിറ്റി സംവിധാനമാണ് നിലവിലൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ മേയ് മുതൽ 30 എക്സ്. സർവീസ് ഉദ്യോഗസ്ഥരെ മറൈൻഡ്രൈവിൽ ഉടനീളം വിന്യസിപ്പിച്ചിട്ടുണ്ട്. ഇവരുടെ നിരീക്ഷണം ഏതുസമയവും ഇവിടെ ഉണ്ടാകും.