 
തിരുമാറാടി: തിരുമാറാടി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന കീഴ്ച്ചിറയുടെ പുനരുദ്ധാരണത്തിന് 23 ലക്ഷം രൂപയുടെ ഭരണാനുമതിയായി. കഴിഞ്ഞ സെപ്തംബർ 21ന് കെ.എം. മാണി ഊർജ്ജിത ജലസേചന പദ്ധതിയുടെ ഉദ്ഘാടനത്തിന് മന്ത്രി റോഷി അഗസ്റ്റിൻ തിരുമാറാടിയിൽ എത്തിയപ്പോൾ ഇടിഞ്ഞുകിടക്കുന്ന കീഴ്ച്ചിറ സന്ദർശിച്ചിരുന്നു. തുടർന്ന് എൽ.ഡി.എഫ് തിരുമാറാടി പഞ്ചായത്ത് കമ്മിറ്റി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചതെന്ന് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ജിനു അഗസ്റ്റിൻ, എം.കെ. ശശി, സനൽ ചന്ദ്രൻ, തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യമോൾ പ്രകാശ്, ഗ്രാമപഞ്ചായത്ത് അംഗം രമ മുരളീധര കൈമൾ എന്നിവർ അറിയിച്ചു. തകർന്നുകിടക്കുന്ന കീഴിച്ചിറയുടെയും ലീഡിംഗ് ചാനലിന്റെയും പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഏകദേശം 100 ഏക്കറോളം വരുന്ന പാടശേഖരത്തിലെ കൃഷിക്ക് പ്രയോജനമാകും.