
കൊച്ചി: 1500 സ്‌കൂളുകൾ. 2000ലധികം കായിക താരങ്ങൾ. 56 ഇനങ്ങൾ. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ ട്രാക്കിലും ഫിൽഡിനും തീപിടിക്കും. കേന്ദ്ര സിലബസിൽ പ്രവർത്തിക്കുന്ന സ്കൂളുകളുടെ 4-ാമത് സംസ്ഥാന കായികമേളയ്ക്ക് 30ന് കൊടിയുയരും. ഇതോടെ സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെയും കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരളയുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന മീറ്റിൽ രാവിലെ 7.30ന് മത്സരങ്ങൾക്ക് തുടക്കമാകും. ഉച്ചയ്ക്ക് 2.30ന് മാർച്ച് പാസ്റ്റ്.
രണ്ട് ദിവസം നീണ്ടുനിൽക്കുന്ന മേളയുടെ ഔദ്യോഗിക ഉദ്ഘാടനം മൂന്നിന് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. സ്‌പോർട്‌സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് യു. ഷറഫലി, നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ, കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരള ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത് തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാന സിലബസ് വിദ്യാർത്ഥികൾക്ക് അംഗീകൃത കായികമേളയുണ്ടെങ്കിലും കേന്ദ്ര സിലബസ് വിദ്യാർത്ഥികളിലെ കായികപ്രതിഭകൾക്ക് പ്രകടനത്തിന് അവസരമില്ലാതായതോടെയാണ് സംസ്ഥാനതല കായികമേള നാലുവർഷം മുമ്പ് ആരംഭിച്ചത്. കായികമേളയുടെ പോസ്റ്റർ എറണാകുളം പ്രസ് ക്ലബിൽ പ്രകാശനംചെയ്തു.
പൊരിവെയിലിൽ മത്സരമില്ല
സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ, നവോദയ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ സെൻട്രൽ സ്‌കൂൾ സ്‌പോർട്‌സ് മീറ്റിൽ മാറ്റുരയ്ക്കും. വിജയികൾക്ക് സ്‌പോർട്‌സ് കൗൺസിൽ സർട്ടിഫിക്കറ്റുകൾ നൽകും. രാവിലെ 7.30 ആരംഭിച്ച് രാവിലെയുള്ള മത്സരങ്ങൾ 11.30ന് അവസാനിക്കും. ഇടവേളയ്ക്ക് ശേഷം വൈകിട്ട് മൂന്നിന് പുനരാരംഭിക്കും.
രജിസ്‌ട്രേഷന് പോർട്ടൽ
മുൻവർഷത്തിലെ മത്സരയിനങ്ങൾ നാലാം കായികമേളയിലും തുടരും. ഒരു വിദ്യാർത്ഥിക്ക് പരമാവധി മൂന്നിനങ്ങളിൽ പങ്കെടുക്കാം. ഏകീകൃത രീതിയിലാകും മത്സരങ്ങൾ . കേന്ദ്രീകൃത പോർട്ടൽ വഴിയാണ് രജിസ്‌ട്രേഷൻ.
14 ജില്ലകളിൽ നടന്ന മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവരാണ് സംസ്ഥാന കായികമേളയിൽ മാറ്റുരയ്ക്കുക. കയികമേളയ്ക്ക് എറണാകുളം ഒരുങ്ങിക്കഴിഞ്ഞു
ഡോ. ഇന്ദിര രാജൻ
സെക്രട്ടറി ജനറൽ
നാഷണൽ കൗൺസിൽ ഒഫ്
സി.ബി.എസ്.ഇ സ്‌കൂൾസ്