
കൊച്ചി: ഇന്ന് മുതൽ കൊച്ചിയിൽ പൂക്കാലം വരവായി. 41-ാമത് കൊച്ചിൻ ഫ്ലവർഷോ ഇന്ന് വൈകിട്ട് അഞ്ചിന് മറൈൻഡ്രൈവിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിയോടെ പ്രവേശനം ആരംഭിക്കും. 54,000 ചതുരശ്രയടിയിലാണ് പവലിയൻ. കഴിഞ്ഞവർഷത്തേക്കാളും ഇരട്ടിയിലാണ് ഇത്തവണത്തെ പവലിയൻ ഒരുക്കിയിരിക്കുന്നത്. ഒരുലക്ഷം ചെടികളാണ് പുഷ്പമേളയിൽ എത്തിക്കുന്നത്. 200 വ്യത്യസ്തതരം ചെടികളുണ്ടാകും. 15 നഴ്സറികളും 100 കൊമേഴ്സ്യൽ സ്റ്റോറുകളും പുഷ്പമേളയിലുണ്ടാകും.
5000ത്തിൽ അധികം ഓർക്കിഡുകൾ, അഡീനിയം, ആന്തൂറിയം, വിവിധതരം റോസ്, ബോൺസായ് ചെടികൾ, പലതരം സക്കലന്റ് ചെടികൾ, പുഷ്പാലങ്കാരം, വെജിറ്റബിൾ കാർവിംഗ് എന്നിവയെല്ലാം പുഷ്പമേളയിലുണ്ടാകും. കുട്ടികൾക്കായി ചെറിയ അമ്യൂസ്‌മെന്റ് പാർക്കുകളും ഉണ്ടാകും.
മിത ശീതോഷ്ണ കാലാവസ്ഥയിലെ പൂച്ചെടികളായ കല്ലാലില്ലി, അമാരില്ലസ്, ഫ്യൂഷിയ, യുസ്റ്റോമ, അസേലിയ തുടങ്ങിയവ ഇത്തവണ ഒരുക്കുമെന്ന് സംഘാടകർ പറഞ്ഞു. നഴ്സറികളിൽ നിന്നും കമ്പനികളിൽ നിന്നും ഉദ്യാനങ്ങളിലേക്ക് ആവശ്യമായ ചെടികളും വളവും മറ്റും വാങ്ങാൻ സൗകര്യമുണ്ട്. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്. ഗ്രൂപ്പായി വരുന്ന കുട്ടികൾക്ക് ഇളവ് ലഭിക്കും. ഫ്ലവർഷോ ജനുവരി ഒന്നിന് അവസാനിക്കും. വിവരങ്ങൾക്ക് : 9447002211, 9447000804.