വൈപ്പിൻ: വേദങ്ങളും ഉപനിഷത്തുകളും ഭഗവത് ഗീതയുമെല്ലാം ചാതുർവർണ്ണ്യവ്യവസ്ഥയെ ന്യായീകരിച്ചപ്പോൾ ശ്രീനാരായണഗുരു അതിനെ നിരാകരിച്ചെന്നും ഇക്കാര്യത്തിൽ ശങ്കരാചാര്യരുടെയും സ്വാമി വിവേകാനന്ദന്റെയും നിലപാടുകളെയും ഗുരുദേവൻ തിരസ്‌കരിച്ചെന്നും ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പറഞ്ഞു. സർവമതസമ്മേളനത്തിന്റെ സർക്കാർതല ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഉദ്ഘാടനം ചെറായി ഗൗരീശ്വരം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലബാറിലെ കർഷകത്തൊഴിലാളികൾ ജന്മിത്വത്തിനെതിരെ നടത്തിയ സമരമായിരുന്നു മലബാർ കലാപം എന്ന് അറിയപ്പെട്ടത്. കർഷകത്തൊഴിലാളികളിൽ ബഹഭൂരിപക്ഷവും മുസ്ലീങ്ങളും ജന്മിമാർ സവർണ്ണഹിന്ദുക്കളുമായിരുന്നു. ഇതാണ് മുസ്ലീം - ഹിന്ദു കലാപമായി രൂപപ്പെടാൻ കാരണം. മലബാർ കലാപമുണ്ടാക്കിയ മുറിവുകൾ ഉണക്കാൻ വേണ്ടി കൂടിയാണ് നൂറ് വർഷം മുമ്പ് ആലുവയിൽ ഗുരുദേവൻ സർവമതസമ്മേളനം നടത്തിയതെന്നും സ്വാമി പറഞ്ഞു.

വൈപ്പിൻ ഫോക്ക്‌ലോർ ഫെസ്റ്റിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പാണ് ചെറായിയിൽ ശതാബ്ദി ആഘോഷം സംഘടിപ്പിച്ചത്. ചെറായി സഹോദരൻ സ്മാരകം സെക്രട്ടറി ഡോ. കെ.കെ. ജോഷി അദ്ധ്യക്ഷത വഹിച്ചു. കൊച്ചി ദേവസ്വം ബോർഡ് പ്രഡിസന്റ് ഡോ.എം.കെ. സുദർശനൻ, എസ്.എൻ.ഡി.പി യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, കെ.ജെ. ഷൈൻ, ഇ.സി. ശിവദാസ്, ടി.ആർ. വിനോയ്‌കുമാർ, ശ്രീനാരായണ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടർ ഡോ. ശിശുപാലൻ എന്നിവർ പ്രസംഗിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, വി.വി സഭ സെക്രട്ടറി ഷെല്ലി സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു. കെടാമംഗലം പപ്പുക്കുട്ടി ലൈബ്രറി ഗായക സംഘത്തിന്റെ ഗാനാലാപനം, നികേഷ് എസ്. മേനോന്റെ സോപാന സംഗീതം, ധനുഷ സന്യാലിന്റെ ദൈവദശകം നൃത്താവിഷ്‌കാരം എന്നിവയുമുണ്ടായി.