 
കൊച്ചി: സാമ്പത്തിക പ്രതിസന്ധിക്കിടയിലും സപ്ലൈകോ നടത്തുന്ന വിപണി ഇടപെടൽ സാധാരണക്കാർക്ക് ആശ്വാസമാണെന്ന് മേയർ എം. അനിൽകുമാർ. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ സപ്ലൈകോ ജില്ലാ ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹൈബി ഈഡൻ എം.പി ആദ്യ വില്പന നടത്തി. 13 ശതമാനം സബ്സിഡിയിൽ സാധനങ്ങൾ ലഭിക്കും. 150ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾ അഞ്ചു മുതൽ 30 ശതമാനം വരെ വിലക്കുറവിലും ലഭിക്കും.
സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉത്പന്നങ്ങൾക്കും പ്രത്യേക വിലക്കുറവ് നൽകും. ഒരു കിലോ ശബരി അപ്പംപൊടി, പുട്ടുപൊടി എന്നിവയ്‌ക്കും 100 ഗ്രാം ചിക്കൻ മസാല, മീറ്റ് മസാല എന്നിവയ്ക്കും 15 രൂപ വീതം വിലക്കുറവ് ലഭിക്കും.
ജില്ല ഫെയറുകളിലും സൂപ്പർ മാർക്കറ്റുകളിലും 30 വരെ ഉച്ചയ്ക്ക് രണ്ടര മുതൽ നാലുവരെ ഫ്‌ളാഷ് സെയിൽ നടത്തും. സബ്‌സിഡിയിതര ഉത്പന്നങ്ങൾക്ക് നിലവിൽ നൽകുന്ന ഓഫറിനേക്കാൾ 10 ശതമാനം വരെ അധിക വിലക്കുറവ് ഈ സമയത്ത് ലഭ്യമാകും. രാവിലെ 10 മുതൽ വൈകിട്ട് എട്ടു വരെയാണ് ഫെയർ.
ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പദ്മജ എസ്. മേനോൻ, എറണാകുളം ജില്ലാ സപ്ലൈ ഓഫീസർ ടി. സഹീർ, സപ്ലൈകോ അഡിഷണൽ ജനറൽ മാനേജർമാരായ എം.ആർ. ദീപു, പി.ടി. സൂരജ് എന്നിവർ സംസാരിച്ചു. ഫെയർ 30ന് സമാപിക്കും.