plastic

കൊച്ചി: അനധികൃത സ്ഥാപനങ്ങൾ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനെക്കുറിച്ചും വിൽക്കുന്നതിനെക്കുറിച്ചും പൊതുജനങ്ങൾക്ക് പരാതി നൽകാൻ പ്രത്യേക മൊബൈൽ ആപ്പ് വികസിപ്പിക്കുന്നത് മലിനീകരണ നിയന്ത്രണ ബോർഡ് പരിഗണിക്കണമെന്ന് ഹൈക്കോടതി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ആപ്പിനെ മാതൃകയാക്കാമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾ പ്ളാസ്റ്റിക് ഉത്പന്നങ്ങൾ നിർമ്മിക്കുന്നത് തടയണമെന്ന മലപ്പുറം സ്വദേശി കെ.വി.സുധാകരന്റെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.

അനധികൃത സ്ഥാപനങ്ങളെക്കുറിച്ചുളള വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡിനെ അറിയിക്കണം. അനധികൃത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിർമ്മാണവും വിൽപ്പനയും തടയണം. ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡ് രണ്ടാഴ്ചയ്‌ക്കകം അഡിഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറണം. ഒരു വർഷം നീളുന്ന പ്രചാരണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുകയും വേണം. ഇതിന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും നിർദ്ദേശിച്ചു.