ihrd-school
നിർമ്മാണം പൂർത്തീകരിച്ച ആലുവ ഗവ. ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടം

ആലുവ: ലാബുകളും കുട്ടികൾക്ക് ഇരിക്കാൻ മതിയായ സൗകര്യവും ഇല്ലാത്തതിനാൽ ആലുവ ഗവ. ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ 1.70 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടം പുതുവത്സരപിറവിയിലും തുറക്കുന്നില്ല. ഉദ്ഘാടനത്തിനായി ഐ.എച്ച്.ആർ.ഡിയുടെ ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സമയം ലഭിക്കാത്തതാണ് കാത്തിരിപ്പിന് കാരണം.

ഡിസംബറിൽ ഉദ്ഘാടനം ചെയ്യാനാകുമെന്ന പ്രതീക്ഷയിൽ സ്കൂൾ മുറ്റത്ത് പന്തലൊരുക്കുന്നതിന് സ്ഥലവും തയ്യാറാക്കിയിരുന്നു. ഇത് വിവാദമായതിന് പുറമെയാണ് വകുപ്പ് മന്ത്രിയുടെ അസൗകര്യവും വിനയായത്.

നിലവിലുണ്ടായിരുന്ന കെട്ടിടം രണ്ട് വർഷം മുമ്പ് പൊളിച്ചാണ് താഴെ മൂന്ന് ക്ളാസ് മുറികളും മുകളിൽ മൂന്ന് ലാബുകളുമുള്ള കെട്ടിടം നിർമ്മിച്ചത്. സമീപത്തെ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ കെട്ടിടത്തിലായിരുന്നു ലാബുകൾ പ്രവർത്തിച്ചിരുന്നത്. പുതിയ കെട്ടിടം നിർമ്മിക്കാനെന്ന പേരിൽ ഈ കെട്ടിടം ബോയ്സ് സ്കൂൾ അധികൃതർ ഒരു വർഷം മുമ്പ് പൊളിച്ചതോടെ ടെക്നിക്കൽ സ്കൂളിന് ലാബുകൾ ഇല്ലാതായി. കമ്പ്യൂട്ടർ വിഭാഗത്തിന് മാത്രം ചെറിയ ലാബ് സൗകര്യമുണ്ട്. കെമിസ്ട്രി, ഫിസിക്സ്, ഇലക്ട്രോണിക്സ് എന്നിവക്കൊന്നും ഇപ്പോൾ ലാബ് ഇല്ല.

പുതിയ കെട്ടിടം നിർമ്മിക്കാൻ നിലിവുണ്ടായിരുന്ന മൂത്രപ്പുരയും പൊളിച്ചതോടെ ബോയ്സ് സ്കൂളിലെ ഒരു മൂത്രപ്പുരയാണ് കുട്ടികൾ നിലവിൽ ഉപയോഗിക്കുന്നത്. പുതിയ കെട്ടിടം തുറന്നാലും പഴയ ബെഞ്ചും മേശയുമെല്ലാം തന്നെയാണ് ഉപയോഗിക്കേണ്ടത്. ഫർണിച്ചറുകൾക്കൊന്നും പ്രത്യേകമായി പണം ഇതുവരെ അനുവദിച്ചിട്ടില്ല.

മന്ത്രിയുടെ സമയം ലഭിച്ചാൽ

ഉടൻ ഉദ്ഘാടനം

ഐ.എച്ച്.ആർ.ഡിയുടെ ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ സമയം ലഭിച്ചാൽ ഉടൻ ഉദ്ഘാടനം നടത്തും. കഴിഞ്ഞ ദിവസവും നേരിട്ട് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അദാലത്തുകളുടെ തിരക്കൊഴിയുന്ന മുറക്ക് സമയം നൽകാമെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളത്

അൻവർ സാദത്ത്

എം.എൽ.എ

ബോയ്സ് സ്കൂളുമായി

തർക്കവും കേസും

ഇരു സ്‌കൂളുകളും ഒരേ കോമ്പൗണ്ടിലാണ്. 1998ലാണ് ബോയ്‌സിൽ ഹയർ സെക്കൻഡറി ആരംഭിച്ചത്. 2004ൽ ടെക്‌നിക്കൽ സ്‌കൂളും വന്നു. ഇതിനിടയിൽ ബോയ്സിൽ ഹൈസ്‌കൂൾ വിഭാഗം നിർത്തലാക്കി. നാല് ഏക്കറോളം സ്ഥലമുണ്ട്. ബോയ്‌സിൽ 715 കുട്ടികളും ടെക്‌നിക്കലിൽ 200ഓളം കുട്ടികളുമാണുള്ളത്.

ടെക്‌നിക്കലിന് അഞ്ച് ക്ലാസ് മുറികളാണ് സർക്കാർ അനുവദിച്ചത്. പ്രത്യേകമായി സ്ഥലമില്ല. ബോയ്‌സിന്റെ സ്ഥലത്തിന്റെ പാതിയും കാടുപിടിച്ച് കിടക്കുന്നതിനാൽ 70 സെന്റ് നൽകണമെന്നാവശ്യപ്പെട്ട് നവകേരള സദസിൽ ടെക്‌നിക്കൽ സ്‌കൂൾ അധികൃതർ നിവേദനം നൽകിയിരുന്നു. ടെക്നിക്കൽ സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനായി ഒരുക്കിയ സ്ഥലത്തെ മണ്ണ് ബോയ്‌സ് സ്‌കൂൾ അധികൃതർ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തത് ഒടുവിൽ പൊലീസ് കേസിലാണ് സമാപിച്ചത്.