temple
പുനരുദ്ധരിച്ച നെടുമ്പാശേരി മേയ്ക്കാട് ധർമ്മശാസ്താ ക്ഷേത്രം

നെടുമ്പാശേരി: പുനരുദ്ധരിച്ച നെടുമ്പാശേരി മേയ്ക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിന്റെയും തിടപ്പിള്ളിയുടേയും സമർപ്പണം 25ന് നടത്തുമെന്ന് യോഗക്ഷേമ സഭ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 25ന് വൈകിട്ട് അഞ്ചിന് പന്തളം കൊട്ടാരം നിർവാഹക ട്രസ്റ്റി നാരായണ വർമ്മ ക്ഷേത്ര സമർപ്പണം നിർവഹിക്കും. പുതുക്കിപ്പണിത തിടപ്പിള്ളിയുടെ സമർപ്പണം യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് നിർവഹിക്കും.

5.15ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ അൻവർ സാദത്ത് എം.എൽ.എ, റോജി എം. ജോൺ എം.എൽ.എ എന്നിവർ പങ്കെടുക്കും. തുടർന്ന് വിശേഷാൽ ദീപാരാധനയ്ക്ക് മാളികപ്പുറം മുൻ മേൽശാന്തി മാടവന പരമേശ്വരൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും.

നൂറ് വർഷം പഴക്കമുള്ള ക്ഷേത്രവും 46 സെന്റ് സ്ഥലവും രണ്ട് വർഷം മുമ്പ് ചെങ്ങമനാട് തളിയൽ ഉണ്ണികൃഷ്ണനും കുടുംബാംഗങ്ങളും യോഗക്ഷേമസഭയ്ക്ക് കൈമാറിയതാണ്. 12 ലക്ഷത്തോളം രൂപയാണ് ക്ഷേത്ര നവീകരണത്തിനായി യോഗക്ഷേമസഭ ചെലവഴിച്ചത്.

യോഗക്ഷേമസഭ അങ്കമാലി ഉപസഭ സെക്രട്ടറി രാധാകൃഷ്ണൻ, കാളത്തി മേക്കാട് പരമേശ്വരൻ നമ്പൂതിരി, ജനാർദ്ദനൻ നമ്പൂതിരി, ശങ്കരൻ നമ്പൂതിരി, ആതിര സനേഷ്, പ്രദീപ് മോഴുള്ളി തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.