കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി യുണൈറ്റഡ് ക്രിസ്ത്യൻ കൗൺസിൽ. മുനമ്പത്തെ ഭൂമി ഹാജി അബ്ദുൾ മൂസാ സേട്ടിന് തിരുവിതാകൂർ രാജാവ് പാട്ടത്തിന് നൽകിയതാണ്. ഈ പാട്ടഭൂമി എങ്ങനെ പിന്തുടർച്ചാ അവകാശഭൂമിയായി മാറ്റാൻ കഴിയുമെന്നതടക്കം അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും മൂസാ സേട്ടിന്റെ കൊച്ചുമകൾ ഷംഷാദ് ഹുസൈൻ സേട്ടും ക്രിസ്ത്യൻ കൗൺസിൽ വൈസ് ചെയർമാൻ കെന്നഡി കരിമ്പിൻകാലായിലും വാർത്താസമ്മേളത്തിൽ ആവശ്യപ്പെട്ടു.

മുനമ്പത്തെ ഭൂമി ലക്ഷ്യമിട്ട് വമ്പൻ സ്രാവുകളുണ്ട്. നിലവിൽ ഇടത് -വലത് മുന്നണികൾക്ക് ഇതുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യാൻ സാധിക്കില്ല. സമരപ്പന്തലിൽ എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചവരുടെ ഇപ്പോഴത്തെ നിലപാട് സംശയാസ്പദമാണ്. അവർ ഇപ്പോൾ പറയുന്ന കാര്യങ്ങളിൽ വ്യക്തതക്കുറവുകൾ വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണം അനിവാര്യമായി വരുന്നത്.

മുനമ്പം ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സുപ്രധാനമായ നിരവധി തെളിവുകൾ കൈവശമുണ്ടെന്നും ഷംഷാദ് ഹുസൈൻ സേട്ട് പറഞ്ഞു. കഴിഞ്ഞയാഴ്ച ഷംഷാദിന് നേർക്കുണ്ടായ ആക്രമണത്തെക്കുറിച്ച് അന്വേഷണം വേണമെന്നും ഇവർക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും കെന്നഡി കരിമ്പിൻകാലയിൽ ആവശ്യപ്പെട്ടു.