തൃപ്പൂണിത്തുറ: എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ ബി.ജെ.പി അവതരിപ്പിച്ച അവിശ്വാസപ്രമേയം നാളെ വോട്ടിനിടുമ്പോൾ യു.ഡി.എഫ് അംഗങ്ങൾ വിട്ടുനിൽക്കാൻ പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. ഭരണസമിതിക്ക് സഹായകരമായ നിലപാട് സ്വീകരിച്ച ബി.ജെ.പി ഇപ്പോൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം സി.പി.എമ്മിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കുന്നതിനായി കളിക്കുന്ന നാടകത്തിന്റെ ഭാഗമാണെന്ന് ആരോപിച്ചാണ് വിട്ടുനിൽക്കൽ. വോട്ടെടുപ്പ് നടക്കുന്ന സമയം ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്ക് എതിരെ പ്രതിഷേധിക്കാൻ നഗരസഭയ്ക്ക് മുന്നിൽ യു.ഡി.എഫിന്റെ പ്രക്ഷോഭം സംഘടിപ്പിക്കും. ധർണ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ രാജു പി. നായർ, ആർ. വേണുഗോപാൽ, ബ്ലോക്ക് പ്രസിഡന്റ് പി.സി. പോൾ എന്നിവർ പങ്കെടുത്തു.

യു.ഡി.എഫിന്റെ ആരോപണങ്ങൾ

കഴിഞ്ഞ 9 വർഷമായി എൽ.ഡി. എഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സമസ്ത മേഖലകളിലും പരാജയപ്പെട്ടു. മാലിന്യ പ്രശ്നം മുതൽ മെട്രോയുടെ സ്ഥലം ഏറ്റെടുക്കുന്നത് വരെ ജനത്തിന് നൽകിയ വാഗ്ദാനങ്ങളെല്ലാം ലംഘിച്ചു

യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തിയ നിരന്തരമായ സമരത്തിന്റെ ഭാഗമായി കൊണ്ടുവന്ന പാമ്പാടിത്താഴത്തെ മാലിന്യ നിക്ഷേപ പദ്ധതിയും തണ്ണീർച്ചാൽ പാർക്കിലെ മാലിന്യ സംസ്കരണ പദ്ധതിയും ഇരുമ്പനം ശ്മശാനത്തിൽ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് സ്ഥാപിക്കുന്നതിന് നടത്തിയ ശ്രമവും എൽ.ഡി.എഫ് ഉപേക്ഷിച്ചു

പ്രതിമാസം മൂന്നര ലക്ഷം രൂപ നഗരസഭയ്ക്ക് വാടകയിനത്തിൽ വരുമാനം ലഭിച്ചിരുന്ന തണ്ണീർച്ചാൽ പാർക്കും പ്രതിമാസം 77 ലക്ഷം രൂപ വരുമാനം ഉണ്ടാക്കേണ്ടിയിരുന്ന കണ്ണങ്ങുളങ്ങരയിലെ ഷോപ്പിംഗ് കോംപ്ലക്സും ഇന്നത്തെ അവസ്ഥയിലായത് ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലമാണ്.

നഗരസഭയിലെ റോഡുകളുടെ അവസ്ഥ പരിതാപകരം. പദ്ധതി നിർവഹണത്തിലും ഈ ഭരണസമിതി പരാജയം