പെരുമ്പാവൂർ: അനധികൃത പ്ളൈവുഡ് കമ്പനികളുടെ കടന്നുവരവ് ജനജീവിതത്തിന്റെ താളം തന്നെ തെറ്റിച്ചെന്ന ആക്ഷേപവുമായി അശമന്നൂർ പഞ്ചായത്ത് പരിസ്ഥിതി സംരക്ഷണ സമിതി രംഗത്ത്. പൊറുതിമുട്ടിയ ജനങ്ങൾ കിടപ്പാടം വരെ ഉപേക്ഷിച്ച് നാട് വിടുകയാണ്. ഇങ്ങനെ നാടുവിടുന്നവരുടെ വസ്തുവകകൾ പ്ലൈവു‌ഡ് കമ്പനി ഉടമകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൂട്ടുകയാണ്.

58ഓളം കമ്പനികൾ ഇപ്പോൾത്തന്നെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പുതിയതായി 58 എണ്ണത്തിന് കൂടി ജില്ലാ കളക്ടർ അനുമതി നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്.

മേതല മുട്ടത്തുമുകൾ ഭാഗത്ത് ഏകദേശം 16 ഏക്കർ ഭൂമി യാതൊരുവിധ അനുമതിയുമില്ലാതെ ഇടിച്ച് നിരത്തിയും സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാറകൾ പൊട്ടിച്ചും സമീപത്തെ വീടുകൾക്ക് നാശനഷ്ടം ഉണ്ടാക്കിയുമാണ് ഒരു പ്ലൈവുഡ് കമ്പനി നിർമ്മിച്ചിരിക്കുന്നത്, കല്ലിൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, പെരിയാർവാലി കനാൽ തുരങ്കം എന്നിവയ്ക്ക് ഈ കമ്പനി ഭീഷണി ഉയർത്തി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഒരു വർഷമായി.
പൂതക്കുഴി കോളനിയിലെ എസ്.സി റോഡ്, എസ്.സി ശ്മശാന ഭൂമി എന്നിവ കൈയേറിയും ലൈഫ് പദ്ധിതിയിലൂടെ ലഭിച്ച വീടുകൾക്ക് നാശനഷ്ടമുണ്ടാക്കിയും എസ്.സി കുടിവെള്ള പദ്ധതി തകർത്തുമാണ് ഇവിടെ 5 ഓളം പ്ലൈവുഡ് കമ്പനികൾ നിർമ്മിക്കുന്നത്. കല്ലിൽ ഭഗവതി ഗുഹാക്ഷേത്രത്തിന് സമീപവും അംബേദ്ക്കർ മൈക്രോ മലയിലും ഇതേ രീതിയിൽ നിർമ്മാണ പ്രവർത്തനം നടക്കുന്നുണ്ട്. പ്ലൈവു‌ഡ്, പശ കമ്പനികൾക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് അശമന്നൂർ പഞ്ചായത്ത് പരിസ്ഥിതി സംരക്ഷണ സമിതിയുടെ തീരുമാനം.

മറ്റൊരു ഭോപ്പാൽ ദുരന്തമായി മാറാൻ സാദ്ധ്യതയുള്ള ചില പശ കമ്പനികൾ എൻ.ഒ.സി പോലും ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. . ഓടക്കാലി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വെറും 150 കിലോമീറ്റർ ദൂരത്തായി മാത്രമാണ് ഒരു പശ കമ്പനിയുടെ പ്രവർത്തനം.

പ്ലൈവുഡ് കമ്പനികൾ ഉയർത്തുന്ന വെല്ലുവിളികൾ നിരവധി

1. അനധികൃത നിർമ്മാണങ്ങൾ

2. സുരക്ഷാ, മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ അപര്യാപ്തത

3. തൊഴിലാളികളുടെ മോശം താമസ സൗകര്യങ്ങൾ

4.അശാസ്ത്രീയമായ ശുചിത്വ സംവിധാനങ്ങൾ

കമ്പനികളിൽ നിന്ന് പുറംതള്ളുന്ന വിഷജലം എത്തുന്നത് തോടുകളിലും ജലാശയങ്ങളിലുംഇതുമൂലം കിണറുകളിലെ ജലം ഉപയോഗശൂന്യമാകുന്നുപാടത്ത് പണിയെടുക്കുന്നവർ പലതരം രോഗങ്ങളാൽ ദുരിതമനുഭവിക്കുന്നുകൃഷി തന്നെ അന്യംനിന്നു പോകുന്ന അവസ്ഥ കമ്പനികളിൽ നിന്ന് പുറത്തുവിടുന്ന പുകയും മലിന വായുവും പ്രദേശവാസികളെ നിത്യരോഗികളാക്കി മാറ്റുന്നു