കിഴക്കമ്പലം: ആലുവയ്ക്കുള്ള അവസാന ബസ് സർവീസ് പട്ടിമറ്റത്ത് അവസാനിപ്പിക്കുന്നത് യാത്രക്കാരെ വലക്കുന്നു. മൂവാറ്റുപുഴ നിന്ന് വരുന്ന ബസാണ് പട്ടിമറ്റത്ത് സർവീസ് നിർത്തുന്നത്. ടൈം ഷീറ്റനുസരിച്ച് ഈ ബസിന് ആലുവയിലാണ് വൈകിട്ട് ഹാൾട്ട് അനുവദിച്ചിരിക്കുന്നത്. രാവിലെ അവിടെ നിന്ന് സർവീസ് ആരംഭിക്കുകയും വേണം. എന്നാൽ പട്ടിമറ്റത്ത് സർവീസ് നിർത്തുന്ന ബസ് രാവിലെ അവിടെ നിന്നുതന്നെയാണ് മൂവാറ്റുപുഴയ്ക്ക് സർവീസ് തുടങ്ങുന്നത്. ഇതോടെ പട്ടിമറ്റത്ത് നിന്ന് പുക്കാട്ടുപടി, കിഴക്കമ്പലം, പള്ളിക്കര ഭാഗത്തേക്ക് പോകേണ്ടവരാണ് ദുരിതത്തിലാകുന്നത്. സന്ധ്യ കഴിഞ്ഞാൽ ഈ പ്രദേശങ്ങളിലേക്കെത്താൻ ഓട്ടോയോ ടാക്‌സിയോ പിടിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. എറണാകുളം, തൃപ്പൂണിത്തുറ ഭാഗങ്ങളിലേക്ക് പോകേണ്ടവരും ഏറെ ബുദ്ധിമുട്ടുകയാണ്. ആലുവ റെയിൽവെ സ്റ്റേഷനിലേക്ക് രാത്രി ട്രെയിനുകൾക്ക് പോകേണ്ടവരുടെ ഏക ആശ്രയവും ഈ ബസ് സർവീസാണ്. ഞായറാഴ്ചകളിൽ ഈ സർവീസ് പൂർണമായും മുടക്കുന്നതും പതിവാണ്.