* അഴകിയകാവ് ഭഗവതി ക്ഷേത്രഭൂമി പുറമ്പോക്കാക്കാൻ ആസൂത്രിതശ്രമം
കൊച്ചി: 50 കോടിയോളം വിലമതിക്കുന്ന ക്ഷേത്രഭൂമി സർക്കാർ പുറമ്പോക്കാക്കി മാറ്റാൻ നടന്ന കള്ളക്കളികൾ പുറത്തായി. കൊച്ചിൻ ദേവസ്വംബോർഡിന്റെ പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രത്തോട് ചേർന്ന ക്ഷേത്രത്തിന്റെ മൂലസ്ഥാനം ഇരിക്കുന്ന 613/1 സർവേനമ്പറിലെ 1.76 ഏക്കർ വേലവെളിപ്പറമ്പ് ദേവസ്വംഭൂമിയാക്കി റവന്യൂരേഖകളിൽ തിരുത്തൽ വരുത്തണമെന്ന ദേവസ്വം ബോർഡിന്റെ അപേക്ഷ ഫോർട്ടുകൊച്ചി ആർ.ഡി.ഒ സ്നേഹിൽകുമാർ സിംഗ് 2019 ഡിസംബർ 30ന് നിരസിച്ചത് ദുരൂഹമായ നടപടിക്രമങ്ങളെ തുടർന്ന്.
ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ അഡ്വക്കേറ്റ് ജനറൽ ഓഫീസിലെ സീനിയർ ഗവ. പ്ളീഡർ അന്നത്തെ ആർ.ഡി.ഒ സ്നേഹിൽകുമാർ സിംഗിന് അയച്ച കത്തിനൊപ്പമുള്ള 38പേജ് അനുബന്ധ രേഖകളാണ് ഈ പ്രശ്നത്തിലെ വില്ലൻ.
• എം.എൽ.എയുടെ കത്തിൽ തുടക്കം
ക്ഷേത്രഭൂമി അളന്ന് തിട്ടപ്പെടുത്തി 20 സമീപവാസികൾക്ക് ഇതിലൂടെ വഴി അനുവദിക്കണമെന്ന് കെ.ജെ. മാക്സി എം.എൽ.എ കൊച്ചി തഹസിൽദാർക്ക് നൽകിയ കത്തിൽ നിന്നാണ് ക്രമക്കേടുകളുടെ തുടക്കം. മൂന്ന് വീട്ടുകാർക്ക് മാത്രമാണ് നടപ്പുവഴി നൽകാൻ ദേവസ്വത്തിന് ബാദ്ധ്യത. ക്ഷേത്രഭൂമിക്ക് നടുവിലൂടെ വഴി ലഭിച്ചാൽ പ്രദേശത്തെ ഭൂവില പതിന്മടങ്ങാകും.
എം.എൽ.എയുടെ കത്തിൽ രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ തഹസിൽദാർ രാമേശ്വരം വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടു. കത്തോ, തുടർന്നുള്ള വില്ലേജ് ഓഫീസറുടെ സ്കെച്ചോ തഹസിൽദാറുടെ റിപ്പോർട്ടുകളോ റവന്യൂവകുപ്പിൽ ഇല്ല. ഫയലും തുറന്നിട്ടില്ല. പുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കേണ്ട നടപടിക്രമങ്ങളൊന്നും റവന്യൂവകുപ്പ് പാലിച്ചിട്ടില്ല. ദേവസ്വത്തിന് നോട്ടീസ് നൽകിയിട്ടില്ല. എ ഫോമിന്റെ ഭാഗമായ മഹസർ റിപ്പോർട്ടില്ല. ദേവസ്വം ഭൂമിയാണെന്നുകാട്ടി ഇവിടെയുള്ള മൂന്ന് വീട്ടുകാർക്ക് റവന്യൂവകുപ്പ് 2016ൽ ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നതാണ് രസകരം.
• ദുരൂഹമായ ഇ മെയിൽ
ആർ.ഡി.ഒ ഓഫീസിലേക്ക് 2019 ആഗസ്റ്റ് 19ന് അഡ്വ. ജനറൽ ഓഫീസ് അയച്ച ഇമെയിലിൽ വില്ലേജ് ഓഫീസറുടെ റിപ്പോർട്ടും സ്കെച്ചും പറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായ എ ഫോമും ഉൾപ്പെടുന്നു. ഇവ ആധാരമാക്കിയാണ് സബ് കളക്ടർ വേലവെളിപ്പറമ്പ് ദേവസ്വം പുറമ്പോക്കല്ലെന്ന് തീരുമാനമെടുത്തത്. പുന:പരിശോധിക്കാനുള്ള ഹൈക്കോടതി ഉത്തരവിൽ പിന്നെ വന്ന സബ് കളക്ടർ ആർ. വിഷ്ണുരാജ് മുൻതീരുമാനം ശരിവച്ചു. ക്ഷേത്രങ്ങളോട് ചേർന്ന് കിടക്കുന്ന പുറമ്പോക്ക് ഭൂമികളെല്ലാം ദേവസ്വം പുറമ്പോക്കാണെന്ന രണ്ട് സർക്കാർ ഉത്തരവുകളെ വിഷ്ണുരാജ് തള്ളിപ്പറഞ്ഞിട്ടുമുണ്ട്.