
പഠിച്ച മേഖലകളെ അംഗീകരിക്കുന്ന Recognition of Prior Learning (RPL) കരട് നിർദ്ദേശങ്ങൾ യു.ജി.സി പുറത്തിറക്കി. നിലവിലുള്ള അറിവ്, തൊഴിൽ നൈപുണ്യം, പ്രവൃത്തി പരിചയം എന്നിവ വിലയിരുത്തിയാണ് RPL കരട് പ്രസിദ്ധീകരിച്ചത്. ഫോർമൽ, നോൺ ഫോർമൽ, ഇൻഫോർമൽ അടക്കമുള്ള ആർജിത പഠനവും സ്‌കില്ലും ഇതിൽ ഉൾപ്പെടും. ഇത് ആർജിത കഴിവുകളും അറിവും സ്‌കില്ലുകളും വിലയിരുത്തി കോഴ്‌സ്, തൊഴിൽ എന്നീ മേഖലകളെ മെച്ചപ്പെടുത്താൻ ഉപകരിക്കും.
ഭരണ നിർവഹണം, ഗുണമേന്മ, സഹകരണം, തൊഴിൽ ലഭ്യത മികവ് എന്നിവയ്ക്ക് RPL ൽ പ്രാധാന്യം ഉറപ്പുവരുത്തിയിട്ടുണ്ട്.
അടുത്തയിടെ പ്രസിദ്ധീകരിച്ച ഐ.എൽ.ഒ ഡാറ്റ സൂചിപ്പിക്കുന്നത് 40 ശതമാനത്തിൽ താഴെ ഇന്ത്യക്കാർ മാത്രമേ അവരുടെ യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നുള്ളൂ എന്നാണ്. ഇക്കാര്യത്തിൽ 145 ലോക രാജ്യങ്ങളിൽ ഇന്ത്യ 124-ാംസ്ഥാനത്താണ്.
സ്‌കില്ലുള്ള തൊഴിലാളികൾ ഇന്ത്യയിൽ 12 ശതമാനം മാത്രമേയുള്ളൂ. ഇവർക്ക് മികവുറ്റ ബിരുദങ്ങളുമില്ല. അഡ്വാൻസ്ഡ് ബിരുദങ്ങളുള്ള 13 ശതമാനം ഇന്ത്യക്കാരിൽ തൊഴിലില്ലായ്മ നിലനിൽക്കുന്നു. എന്നാൽ അമേരിക്ക, യു.കെ എന്നിവയിലിത് യഥാക്രമം 2.3, 2 .7 ശതമാനമാണ്. വികസിത രാജ്യങ്ങൾ സ്‌കിൽ, RPL എന്നിവ വിലയിരുത്തി തൊഴിൽ പുരോഗതി കണ്ടെത്തുമ്പോൾ ഇന്ത്യ ബിരുദത്തിനാണ് പ്രാധാന്യം നൽകുന്നത്. എന്നാൽ സ്‌കിൽഡ് വർക്കർ വിഭാഗത്തിൽ ബിരുദധാരികൾ ലോകത്തെമ്പാടും കുറവാണ് .
ഡിജിറ്റൽ പരസ്യ മേഖല കരുത്താർജ്ജിക്കും
രാജ്യത്തെ മീഡിയ, എന്റർടെയ്ൻമെന്റ് മേഖല പുതുവർഷത്തിൽ കരുത്താർജ്ജിക്കും. 2028 ഓടെ 8.3 ശതമാനം CAGR കൈവരിച്ച് 365000 കോടി രൂപയുടെ വളർച്ച കൈവരിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ആഗോള തലത്തിൽ ഇന്ത്യ ഈ രംഗത്ത് എട്ടാം സ്ഥാനത്തെത്തും. ഡിജിറ്റൽ അഡ്വർടൈസിംഗ് വൻ വളർച്ച കൈവരിക്കും. ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ, ഓൺലൈൻ ഗെയിമിംഗ്, ജനറേറ്റീവ് എ.ഐ, വീഡിയോ ഓൺ ഡിമാൻഡ് സേവനം എന്നിവ വളർച്ച കൈവരിക്കും. ഇതിന്നു ആനുപാതികമായി ക്രിയേറ്റിവിറ്റി, ഡിസൈൻ കോഴ്‌സുകൾ ശക്തിപ്പെടും.
നാലുവർഷ ബിരുദം : ആദ്യ സെമസ്റ്റർ പരീക്ഷാഫലം മൂന്നാംദിനം പ്രസിദ്ധീകരിച്ച് എം.ജി
കോട്ടയം : നാല് വർഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ആദ്യ സെമസ്റ്റർ പരീക്ഷ പൂർത്തിയായി മൂന്നാം ദിനം ഫലം പ്രസിദ്ധീകരിച്ച് എം.ജി സർവകലാശാല. തിയറി പരീക്ഷകൾ 16നും പ്രാക്ടിക്കൽ 18നുമാണ് പൂർത്തിയായത്. പരീക്ഷാഫലം 21 ന് പ്രസിദ്ധീകരിച്ചു. ഔട്ട് കം ബേസ്ഡ് എജ്യുക്കേഷൻ(ഒ.ബി.ഇ) രീതിയിൽ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്ന സംസ്ഥാനത്തെ ആദ്യ സർവകലാശാലയാണ് എം.ജി. ഓണേഴ്സ് ബിരുദ പ്രോഗ്രാമിന്റെ ഡാറ്റാ മാനേജ്മെന്റിനായി സർവകലാശാലയിലെ ഐ.ടി വിഭാഗം തയ്യാറാക്കിയ സോഫ്റ്റ്വെയർ മുഖേന വിദ്യാർത്ഥികളുടെ വിലയിരുത്തലുകളുടെയും സെമസ്റ്റർ അവസാന പരീക്ഷകളുടെയും മാർക്കുകൾ കോളേജുകളിൽ നിന്ന് ശേഖരിച്ചാണ് ഫലം പ്രസിദ്ധീകരിച്ചത്. ഔട്ട്കം അടിസ്ഥാനമാക്കിയുള്ള വിശദമായ അറ്റെയ്ൻമെന്റ് ചാർട്ട് ജനുവരി ആദ്യം പ്രസിദ്ധീകരിക്കും.
ഓർമിക്കാൻ...
ജെ.ഇ.ഇ അഡ്വാൻസ്ഡ്:- ജെ.ഇ.ഇ അഡ്വാൻസ്ഡ് 2025 പരീക്ഷയ്ക്ക് ഏപ്രിൽ 23 മുതൽ അപേക്ഷിക്കാം. കാൺപൂർ ഐ.ഐ.ടി നടത്തുന്ന പരീക്ഷ മേയ് 18ന് നടക്കും. വെബ്സൈറ്റ്: https://jeeadv.ac.in.
ഡി.എൻ.ബി രണ്ടാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ്
തിരുവനന്തപുരം: 2024-ലെ ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്) & ഡി.എൻ. ബി (പോസ്റ്റ് ഡിപ്ലോമ) അലോട്ട്മെന്റ് കോഴ്സുകളിലേക്ക് പ്രവേശനത്തിനായുള്ള രണ്ടാംഘട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഇന്നു മുതൽ 28ന് 3 മണിക്കുള്ളിൽ അതത് കോളേജിൽ പ്രവേശനം നേടണം. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in.
ഹെൽപ് ലൈൻ നമ്പർ : 0471-2525300
പി.ജി ആയുർവേദ ഡിഗ്രി /ഡിപ്ലോമ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: പി.ജി ആയുർവേദ ഡിഗ്രി / ഡിപ്ലോമ കോഴ്സിലേക്കുള്ള പ്രവേശനം നാലാം ഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു.
പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവരും ഇതുവരെയും രജിസ്റ്റർ ചെയ്യാത്തവരും 24ന് ഉച്ചയ്ക്ക് ഒന്നിന് മുൻപായി www.cee.kerala.gov.in ൽ അപേക്ഷ സമർപ്പിക്കണം. ഹെൽപ് ലൈൻ നമ്പർ: 04712525300.