
കൊച്ചി: രാജ്യത്ത് തട്ടിക്കൊണ്ടു പോകൽ കേസുകൾ വർദ്ധിക്കുമ്പോൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളുടെ ഗ്രാഫ് ആശ്വാസമെന്നോണം താഴേയ്ക്ക്. 2021ൽ 101 കിഡ്‌നാപ്പിംഗ് കേസുകൾ രജിസ്റ്റർ ചെയ്ത സംസ്ഥാനത്ത്, ഈവർഷം 66 കേസ് മാത്രം. ഇതും ചെറുതായി കാണാനാകില്ലെങ്കിലും ഭേദപ്പെട്ട സാഹചര്യമായി. ആഭ്യന്തരവകുപ്പ് സർക്കാരിന് നൽകിയ രേഖയിലാണ് വിവരമുള്ളത്.
മോചനദ്രവ്യമായി ലക്ഷങ്ങൾ കൈക്കലാക്കാമെന്നതും കിഡ്‌നാപ്പിംഗിന് പ്രേരണയാണ്. കേസുകളിൽ ബഹുഭൂരിഭാഗം പ്രതികളെയും പൊലീസ് ഇരുമ്പഴിക്കുള്ളിലാക്കി. നാലുവർഷത്തിനിടെ രജിസ്റ്റർ ചെയ്ത 405 കേസുകളിൽ 391 പേരും അറസ്റ്റിലായി.
സംസ്ഥാനത്ത് കേസ് നടത്തിപ്പിന് പബ്ലിക് പ്രോസിക്യൂട്ടർമാരെ സഹായിക്കാൻ ജില്ലകളിൽ എയ്ഡ് പ്രോസിക്യൂഷൻ വിംഗുണ്ട്. തുടർ നടത്തിപ്പിനായി വിക്ടിം ലെയ്‌സൺ ഓഫീസർമാരെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് കേസുകൾ കൂടുതലും റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. തൊട്ടുപിന്നിൽ മദ്ധ്യപ്രദേശ്. ഉത്തർപ്രദേശാണ് മൂന്നാം സ്ഥാനത്ത്. ദേശീയ ക്രൈം റെക്കാഡ്‌സ് ബ്യൂറോ റിപ്പോർട്ടിൽ കേരളം, മിസോറാം, മേഘാലയ, ത്രിപുര, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവുംപിന്നിൽ.
 ഇനി 15 പേർ
നാല് വർഷത്തിനിടെയുള്ള കേസുകളിൽ ഇനി പിടിയിലാകുന്നുള്ളത് വെറും 15 പേരാണ്. പരാതികൾ ലഭിച്ചയുടൻ നടത്തിയ മിന്നൽ നീക്കമാണ് പ്രതികളിലേക്ക് പൊലീസിന് എത്തിച്ചത്.
 കിഡ്‌നാപ്പിംഗ് കാരണങ്ങൾ
കൊലപ്പെടുത്തൽ
മോചനദ്രവ്യം
പ്രതികാരം
 വിവാഹത്തിനായി
പണം തിരികെ വാങ്ങാൻ
 വർഷം - കേസുകൾ, പിടികിട്ടാത്തത്
2021- 101, 03
2022 - 114, 03
2023 - 124, 05
2024 - 66, 03
 പൊലീസ് ആക്ഷൻ
• വയർലെസിലൂടെ സ്റ്റേഷനിലേക്കും അറിയിപ്പ് കൈമാറും
• റെയിൽവേ സ്റ്റേഷനുകളിലടക്കം മിന്നൽ പരിശോധന
• സമൂഹമാദ്ധ്യമങ്ങൾ വഴി അറിയിപ്പ്
• ചെക്‌പോസ്റ്റുകളിൽ പ്രത്യേക പരിശോധന