y

തൃപ്പൂണിത്തുറ: ഉദയംപേരൂർ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ ശ്രീസുബ്രഹ്മണ്യസാമിയുടെ കർപ്പൂരം കൊണ്ടുള്ള ചിത്രം ജ്വലിച്ചത് ഭക്തജനങ്ങൾക്ക് ദർശന പുണ്യമായി. ആർട്ടിസ്റ്റ് സി.ബി. കലേഷ്‌കുമാർ വരച്ച 40 അടി വലിപ്പമുള്ള ചിത്രം ഭക്തി നിർഭരമായ ചടങ്ങിൽ ശാഖ പ്രസിഡന്റ് എൽ.സന്തോഷ് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വടക്കുംഭാഗം ഉത്രം കാവടി സംഘത്തിന്റെ ഘോഷയാത്രയോട് അനുബന്ധിച്ചായിരുന്നു ഈ കർപ്പൂര ദീപക്കാഴ്ച്ച. 30 കിലോയോളം കർപ്പൂരം ഉപയോഗിച്ച് കലേഷ് കുമാറിന്റെ നേതൃത്വത്തിൽ 30 ഓളം വൊളണ്ടിയർമാർ പ്രവർത്തിച്ചു. ഉത്സവത്തോടനുബന്ധിച്ച് എല്ലാ വർഷവും ക്ഷേത്രത്തിന്റെ മുൻവശത്ത് നടപ്പന്തലിൽ തത്സമയം ചിത്രം വരച്ചാണ് കർപ്പൂര ദീപക്കാഴ്ച ഒരുക്കുന്നത്.