chira

ആലുവ: എടത്തല പഞ്ചായത്തിലെ നൊച്ചിമ പോട്ടച്ചിറ അധികൃതരുടെ അനാസ്ഥയെ തുടർന്ന് നശിക്കുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ജില്ലാ ഭരണകൂടം 50 ലക്ഷവും ബ്ളോക്ക് പഞ്ചായത്ത് 10 ലക്ഷവും പുനരുദ്ധാരണത്തിനായി ചെലവഴിച്ചെങ്കിലും ഫലമുണ്ടായില്ല. സംരക്ഷണത്തിന് പദ്ധതികൾ ഇല്ലാത്തതിനാൽ നിലവിൽ പോട്ടച്ചിറ ലഹരി മാഫിയ താവളമാക്കിയിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഇങ്ങോട്ട് വരാൻ പോലും ഭയക്കുന്നു. കുളിക്കാനും അലക്കാനും ആളുകൾ ഇല്ലാതായതോടെ പോട്ടച്ചിറ കുളം പായലും പുല്ലും വളർന്ന് മാലിന്യമയമായി. പരിസരത്ത് കാടും വളർന്നു.

വർഷങ്ങൾക്ക് മുമ്പ് നടത്തിയ നവീകരണത്തിന് ശേഷം ഇതുവരെ അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. പായലും പുല്ലും നിറഞ്ഞ ചിറയും നാല് വശവും കാട് കയറിയതോടെ സ്ഥലം ഇഴജന്തുക്കളുടെയും താവളമായി. ദൂരസ്ഥലങ്ങളിൽ നിന്ന് പോലും കുട്ടികളും മുതിർന്നവരും നീന്തൽ പഠിക്കാനും നീന്താനും ഉപയോഗിച്ചിരുന്ന ചിറയാണിത്. നിലവിൽ ഇത് മാലിന്യനിക്ഷേപ കേന്ദ്രമായി. ഇതോടെ പരിസരത്തെ കിണറുകളിലെ കുടിവെള്ളത്തെയും പ്രതികൂലമായി ബാധിക്കുമോയെന്നും ആശങ്കയുണ്ട്.

നാട്ടുകാരുടെ ആവശ്യം

ദീർഘവീക്ഷണത്തോടെ പദ്ധതി തയ്യാറാക്കി പോട്ടച്ചിറ ജലാശയം ശുചീകരിച്ച് നാല് വശവും സംരക്ഷണവേലി തീർത്ത് സംരക്ഷിക്കണം. നടപ്പാതയും ഇരിപ്പിടങ്ങളും വിളക്ക് കാലുകളും ഉദ്യാനവും സ്ഥാപിക്കണം. നിരീക്ഷണ ക്യാമറകളും ചെറിയ പെഡൽ ബോട്ടുകളും തയ്യാറാക്കി ഹരിത പാർക്കാക്കി മാറ്റണം.

നാട്ടുകാരുടെ നിരന്തരമായ സമരത്തെ തുടർന്ന് എട്ട് വർഷങ്ങൾക്ക് മുമ്പ് അന്നത്തെ ജില്ലാ കളക്ടർ രാജമാണിക്യം സ്ഥലം സന്ദർശിച്ചുതുടർന്ന് സർക്കാർ 50 ലക്ഷം രൂപയുടെ നവീകരണ പദ്ധതി നടപ്പാക്കിരണ്ട് ഭാഗത്ത് കൽപ്പടവുകളും നാലുവശവും കരിങ്കല്ലും കെട്ടിപിന്നീട് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹരിത പാർക്ക് വിഭാവനം ചെയ്ത് 10 ലക്ഷം രൂപ നടപ്പാതക്ക് അനുവദിച്ചുഅഞ്ച് ലക്ഷം രൂപ മുടക്കി രണ്ട് വശം നടപ്പാത തീർത്തെങ്കിലും നിർമ്മാണത്തിലെ അപാകതയെ തുടർന്ന് ആറ് മാസത്തിനുള്ളിൽ തകർന്ന് തരിപ്പണമായി

പോട്ടച്ചിറ

100 മീറ്റർ നീളം

90 മീറ്റർ വീതി

വിസ്തീർണം 2.5 ഏക്കർ

പോട്ടച്ചിറ സംരക്ഷിക്കണം: ബി.ജെ.പി

ബി.ജെ.പി പോട്ടച്ചിറ സംരക്ഷിക്കാൻ അധികാരികൾ തയ്യാറാകണമെന്ന് ബി.ജെ.പി നൊച്ചിമ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ആലുവ മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് പെരുംപടന്ന യോഗം ഉദ്ഘാടനം ചെയ്തു. ഹരിത പാർക്കിനായുള്ള പദ്ധതി തയ്യാറാക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്യാൻ തയ്യാറാണെന്നും പ്രദീപ് പെരുംപടന്ന അറിയിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ. ബാബു, കൺവീനർ രാധാകൃഷ്ണൻ പാറപ്പുറം, നേതാക്കളായ ജി.പി. രാജൻ, കെ.എസ്. പ്രിജു, ടി.എസ്. സുധീഷ്, സുധീഷ് പൊന്നോത്ത്, പി.എസ്. വിശ്വംഭരൻ , സുജേഷ്, ടി.ഡി. സുനിൽകുമാർ, കെ.എസ്. നിഖിൽ, എം.പി. സനീഷ്, പി.എം. ജിതിൻ, എം. പി. സിദ്ധാർത്ഥൻ തുടങ്ങിയവർ പ്രസംഗിച്ചു.