floating

കൊച്ചി: ജലഗതാഗത വകുപ്പിന്റെ ബോട്ട് യാത്രകൾ ഇനി വേറെ ലെവലാകും. കമാലക്കടവിൽ ടൂറിസത്തിനും കൂടുതൽ യാത്രാസൗകര്യം ഒരുക്കുന്നതിനുമായി ഫ്ലോട്ടിംഗ് ജെട്ടി വരുന്നു. ജലഗതാഗത വകുപ്പ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി ആരംഭിക്കുന്നത്. സി.എസ്.എം.എല്ലിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ഫ്ലോട്ടിംഗ് ജെട്ടി വരുന്നതോടെ യാത്രാബോട്ടും ഇന്ദ്ര അടക്കമുള്ള ടൂറിസം ബോട്ടുകളും അടുപ്പിക്കുന്നതിന് എളുപ്പമാകും. ഫ്ലോട്ടിംഗ് ജെട്ടി വരുമ്പോൾ കൂടുതൽ വിനോദ സഞ്ചാരികൾ ഇത് കാണാനും ബോട്ടിൽ യാത്ര ചെയ്യാനെത്തുമെന്നാണ് ജലഗതാഗത വകുപ്പിന്റെ പ്രതീക്ഷ. പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി സി.എസ്.എം.എൽ അധികൃതർ അറിയിച്ചു. കമാലക്കടവിൽ മുമ്പ് ബോട്ട് ജെട്ടി ഇല്ലായിരുന്നു. യാത്രാബോട്ടുകളും ഇന്ദ്ര അടക്കമുള്ള ബോട്ടുകളും ഇവിടേക്ക് അടുപ്പിക്കാൻ ആകാത്തതിനാൽ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതിനുള്ള പരിഹാരമാണിത്.

ടൂറിസത്തിന് മുതൽക്കൂട്ട്

3.5 കോടിരൂപയാണ് ഫ്ലോട്ടിംഗ് ജെട്ടിയ്ക്ക് വരുന്ന ചെലവ്. മറൈൻ ക്വാളിറ്റി അലൂമിനിയത്തിലാണ് നിർമ്മാണം. ചിലഭാഗത്ത് ഫൈബറുമുണ്ടാകും. കുസാറ്റിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ സംഘം രൂപരേഖ പരിശോധിച്ച് സുരക്ഷിതമായാണ് ജെട്ടി നി‌ർമ്മിക്കുന്നത്. ഇതിന് കായലിന് അടിയിലേക്ക് പൈലിംഗ് ചെയ്യണം. റോറോ ജെട്ടി കഴിഞ്ഞ് കൊച്ചി കോർപ്പറേഷന്റെ ഉപയോഗിക്കാതെ കിടക്കുന്ന പഴയ ജെട്ടി വികസിപ്പിച്ചാണ് ഫ്ലോട്ടിംഗ് ജെട്ടി നിർമ്മിക്കുന്നത്. ബീച്ച് അടക്കമുള്ള ആകർഷകമായ കാഴ്ചകൾ ഉള്ളതിനാൽ ടൂറിസത്തിന് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.

സ്വകാര്യബസുകൾ കൂടുതലും ഈ ഭാഗത്തുകൂടി കടന്നുപോകുന്നതിനാൽ നിരവധി യാത്രക്കാരെ ഇവിടെ നിന്ന് ലഭിക്കും.

ഫോർട്ട്കൊച്ചിയേക്കാൾ വളരെ എളുപ്പത്തിൽ യാത്രക്കാർക്ക് എറണാകുളം ബോട്ട് ജെട്ടിയിലേക്കും ഹൈക്കോർട്ട് ജെട്ടിയിലേക്കുമെത്താൻ സാധിക്കും.

യാത്രക്കാർക്ക് 45 മിനിറ്റ് യാത്ര എന്നത് 15 മിനിറ്റായി കുറയ്ക്കാൻ സാധിക്കും.

വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. കൂടാതെ പാസഞ്ചർ ബോട്ടുകളെ ആശ്രയിക്കുന്നവർക്കും ഏറെ സഹായകമാകും. കമാലക്കടവ് വലിയൊരു ടൂറിസം സ്പോട്ടാണ്. ഇവിടേക്ക് കൂടുതൽ ടൂറിസം സാദ്ധ്യതകൾ കണ്ടെത്തുകയാണ് ലക്ഷ്യം

ഷാജി വി. നായർ

ഡയറക്ടർ

ജലഗതാഗത വകുപ്പ്

3.5 കോടി രൂപ