
കൊച്ചി: കൂടുകൃഷിയിൽ വിളവെടുത്ത കരിമീനും കാളാഞ്ചിയും ചെമ്പല്ലിയും ജീവനോടെ സ്വന്തമാക്കാൻ അവസരമൊരുക്കുന്ന ത്രിദിന 'ലൈവ് ഫിഷ്' വില്പന മേള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) ആരംഭിച്ചു. സി.എം.എഫ്.ആർ.ഐയിൽ നിന്ന് പരിശീലനം ലഭിച്ച കർഷകർ നടത്തുന്ന കൂടുകൃഷികളിൽ നിന്ന് ആവശ്യാനുസരണം വിളവെടുത്ത മീനുകളാണ് മേളയിലെത്തിക്കുന്നത്. ഉയർന്ന ഗുണമേന്മയുള്ള മത്സ്യങ്ങൾ ഇടനിലക്കാരില്ലാതെ ആവശ്യക്കാർക്ക് നേരിട്ട് ലഭ്യമാക്കുകയാണ് ലക്ഷ്യം. കൊടുങ്ങല്ലൂരിലെ ബ്ലൂ പേൾ മത്സ്യകർഷക ഉത്പാദന സംഘവുമായി സഹകരിച്ച് സി.എം.എഫ്.ആർ.ഐയുടെ അഗ്രികൾച്ചറൽ ടെക്‌നോളജി ഇൻഫർമേഷൻ സെന്ററാണ് മേള സംഘടിപ്പിക്കുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് സമയം. ചൊവ്വാഴ്ച സമാപിക്കും.