കൊച്ചി: കൊച്ചി കോർപ്പറേഷന്റെ 136 ട്രൈബ്യൂണൽ കേസുകളിൽ അഭിഭാഷകർ ഹാജരാകാത്തതിനാൽ തിരിച്ചടി നേരിടുന്നതായി പ്രതിപക്ഷം. ഈ സാഹചര്യത്തിൽ സി.പി.എം അഡ്വക്കേറ്റ് പാനൽ പിരിച്ചുവിടണമെന്ന് പ്രതിപക്ഷം ആരോപിച്ചു.

കോർപ്പറേഷന്റെ സ്റ്റാൻഡിംഗ് കൗൺസിലർമാർ മുൻസിഫ് കോടതികളിലും സബ് കോടതികളിലും ജില്ലാ കോടതികളിലും നഗരസഭയ്ക്ക് വേണ്ടി ഹാജരായി ഫയൽ ചെയ്യാത്ത സാഹചര്യത്തിൽ അഡ്വ. പാനലുമായി മീറ്റിംഗ് വിളിച്ചിട്ടും അഭിഭാഷകർ പങ്കെടുത്തില്ല. ആരും പങ്കെടുക്കാത്തതുകൊണ്ട് നഗരസഭകളുമായി അതീവ ഗൗരവമുള്ള നിരവധി കേസുകൾ എക്‌സ് പാർട്ടിയാകുന്നു എന്ന് നഗരസഭയുടെ ലീഗൽ ഡിപ്പാർട്ട്‌മെന്റ് രേഖാമൂലം അറിയിച്ചിട്ടും അഡ്വക്കേറ്റ് പാനൽ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഈ അഡ്വക്കേറ്റ് പാനലിനെ എന്തിനാണ് നിലനിറുത്തുന്നതെന്ന് മേയർ മറുപടി പറയണം. മേയർ അഡ്വക്കേറ്റ് ആയിരുന്നിട്ടും നഗരസഭയുടെ കേസുകൾ എക്‌സ് പാർട്ടിയാകുന്നത് അതീവ ഗൗരവമുള്ള സാഹചര്യമാണ്. നഗരസഭയുടെ ഭരണം പാർട്ടി ഓഫീസിന്റെ നിയന്ത്രണത്തിലാണെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറയും പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിലും ആരോപിച്ചു.