മണീട്: രണ്ടാമത് ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് മണീടിൽ ഒരുക്കങ്ങളായി. 92-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായാണ് മണീടിൽ നിന്ന് തീർഥയാത്ര നടത്തുന്നത്. ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് ഇന്ന് രാവിലെ തീർത്ഥാടന പദയാത്ര ആരംഭിക്കും. മേൽശാന്തി സുരേഷിന്റെ കാർമികത്വത്തിൽ ശാന്തി ഹോമം, ഗുരുപൂജ എന്നിവ നടക്കും. തുടർന്ന് 8ന് എസ്.എൻ.ഡി.പി. യോഗം കൂത്താട്ടുകുളം യൂണിയൻ സെക്രട്ടറി സി.പി. സത്യൻ പദയാത്ര ക്യാപ്റ്റൻ വി.എസ്. ബിജുമോന് ധർമപതാക കൈമാറി ഉദ്ഘാടനം ചെയ്യും. മണീടിൽനിന്ന് അജിമോൻ പുഞ്ചളായിൽ (ജന. കൺ.), ഷാജി കാപ്പുങ്കുഴിയിൽ (സെക്ര.), മനോജ് പാത്തിക്കൽ (ചീഫ് കോ ഓഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ അറുപതംഗ സംഘമാണ് ഇക്കുറി പദയാത്രയായി ശിവഗിരി തീർത്ഥാടനം നടത്തുന്നത്. തീർത്ഥാടകർ 31ന് രാവിലെ ശിവഗിരിയിലെത്തിച്ചേരും.