 
പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത് അഞ്ചാം വാർഡിലെ മലയാറ്റൂർ റോഡിനെയും ആലാട്ടുചിറ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന അംഗൻവാടി റോഡ് തകർന്ന് തരിപ്പണമായി. കുണ്ടും കുഴിയുമായി ചെളിക്കെട്ട് നിറഞ്ഞതോടെ ഈ റോഡിലൂടെനടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ഈ റോഡിന്റെ ദുരവസ്ഥ തുടങ്ങിയിട്ട് അഞ്ച് വർഷത്തിലേറെയായി. കൂടാതെ റോഡിന്റെ പല ഭാഗങ്ങളിലും കൈയേറ്റങ്ങളും വ്യാപകമാണ്. ചില ഇടങ്ങളിൽ റോഡിലേക്ക് ഇറക്കി പലരും ചെടികളും മറ്റും വച്ചുപിടിപ്പിച്ചിരിക്കുന്നു.
പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലെ ഈ റോഡിലൂടെ അങ്കണവാടിയിലേക്ക് കുട്ടികളെയും കൊണ്ട് പോകുന്ന മാതാപിതാക്കൾ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. റോഡിന്റെ ശോചനീയാവസ്ഥ പഞ്ചായത്ത് അധികൃതരുടെയും മറ്റും ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല.
അങ്കണവാടിയിലേക്ക് പോകുന്ന കുരുന്നുകളെ ഓർത്തെങ്കിലും അധികൃതർ റോഡ് നവീകരിച്ച് സഞ്ചാരയോഗ്യമാക്കണം.
റാഫേൽ ആറ്റുപുറം
പൊതു പ്രവർത്തകൻ