മൂവാറ്രുപുഴ: മൂവാറ്റുപുഴ നഗരവികസനത്തിൽ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിക്കുവാൻ കഴിയുന്നില്ലെന്ന് കേരള റോഡ് ഫണ്ട് ബോർഡ് ഹൈക്കോടതിയിൽ വിശദീകരണം നൽകി. നഗരവികസനം അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ പുനർനിർമാണം ഏകോപിപ്പിക്കണമെന്ന് ചൂണ്ടിക്കാണിച്ച് മൂവാറ്റുപുഴ ഡെവലപ്മെൻറ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് വിശദീകരണം. ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിച്ചിട്ടില്ലെന്നും ബി.എസ്.എൻ.എൽ, കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകളുടെ യൂട്ടിലിറ്റി ഷിഫ്റ്റിംഗ് സമയബന്ധിതമായി പൂർത്തിയാക്കാത്തത് ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുവെന്നും കെ.ആർ.എഫ്.ബി ചൂണ്ടികാട്ടി. തങ്ങൾക്ക് റോഡിന്റെ നിർമ്മാണ ചുമതല മാത്രമേയുള്ളൂവെന്നും പുറമ്പോക്ക് ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യേണ്ടത് പൊതുമരാമത്ത് വകുപ്പ് റോഡ് ഡിവിഷൻ ആണെന്നും കെ.ആർ.എഫ്.ബി പറയുന്നു.
വിശദമായ വാദം കേട്ട കോടതി ഹർജിക്കാരുടെ ഇടക്കാല ആവശ്യമായ ഒന്നര കിലോമീറ്റർ നഗര റോഡ് അടിയന്തരമായി റീ ടാർ ചെയ്യണമെന്നുള്ള ആവശ്യത്തിൽ കെ.ആർ.എഫ്.ബിയുടെ നിലപാട് ആരാഞ്ഞു. തുടർന്ന് കേസ് ജനുവരി 13ലേക്ക് മാറ്രി.
എം.സി റോഡ് പൂർണമായും റീടാർ ചെയ്തിട്ട് ആറു വർഷത്തിന് മേലെയായെന്നും, തിരക്കേറിയ സമയങ്ങളിൽ നഗരം നിശ്ചലമാകുന്ന അവസ്ഥയാണെന്നും മൂവാറ്റുപുഴ ഡെവലപ്മെന്റ് അസോസിയേഷൻ ഹർജിയിൽ ചൂണ്ടികാട്ടിയിരുന്നു. വിഷയം അതീവ ഗുരുതരമാണെന്നും കൈയേറ്റക്കാരുടെ വിവരങ്ങൾ അടക്കം അടിയന്തരമായി റിപ്പോർട്ട് ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവായിട്ടുണ്ട്. ഹർജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ജെയ്ജി ബാബു, എൽ. റാം മോഹൻ എന്നിവർ ഹാജരായി.