
ബി. എസ് സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സിനുള്ള നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്‌നോളജിയുടെ ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷന് (NCHM & CT-JEE ) നാഷണൽ ടെസ്റ്റിംഗ് ഏജൻസി അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ഏതു ഗ്രൂപ്പെടുത്തവർക്കും ഫെബ്രുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്ലസ് ടു തലത്തിൽ ഇംഗ്ലീഷ് പഠിച്ചിരിക്കണം. പ്രായപരിധിയില്ല.
ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിൽ രാജ്യത്തെ വാർഷിക വളർച്ച നിരക്ക് 14 ശതമാനത്തിലധികമാണ്. കോഴ്‌സ് പൂർത്തിയാക്കിയവർക്ക് ഭക്ഷ്യോത്പാദന സേവന മേഖലകളിൽ ലോകത്തെമ്പാടും തൊഴിൽ നേടാൻ ബിരുദ പ്രോഗ്രാം സഹായിക്കും. ഫുഡ് പ്രൊഡക്ഷൻ, ബിവറേജ് സേവനം, ഹൗസ് കീപ്പിംഗ്, ഫ്രണ്ട് ഓഫീസ് സേവനം, ഭക്ഷ്യസുരക്ഷിതത്വം, ഫെസിലിറ്റി മാനേജ്‌മെന്റ്, അക്കൗണ്ടിംഗ്, മാർക്കറ്റിംഗ്, പ്ലാനിംഗ്, സ്ട്രാറ്റജിക് മാനേജ്മെന്റ് തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം ലഭിക്കും.
ലോകത്തെമ്പാടും കൃഷി അഗ്രിബിസിനസിലേക്കും ഫുഡ് പ്രോസസിംഗിലേക്കും മാറുമ്പോൾ നേരിട്ടുകഴിക്കാവുന്നതും, പാചകം ചെയ്യാവുന്നതുമായ ഭക്ഷ്യോത്പന്നങ്ങൾക്ക് പ്രസക്തിയേറും. കോഴ്‌സ് പൂർത്തിയാക്കിയവർക്ക് ഹോസ്പിറ്റാലിറ്റി മേഖലകൾ, ഹോട്ടൽ മാനേജ്മന്റ്, ടൂറിസം, ഫുഡ് ചെയിനുകൾ, സംരംഭകത്വം, വിവിധ തലങ്ങളിലുള്ള ഹോട്ടൽ ശൃംഖലകൾ, ടൂറിസം വികസന കോർപറേഷനുകൾ, സർക്കാർ,-പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ സൂപ്പർവൈസറി, മാനേജീരിയൽ തലങ്ങളിൽ പ്രവർത്തിക്കാം.
എം.ബി.എ, എം.എസ്‌സി, പി.ജി ഡിപ്ലോമ തുടങ്ങിയ ബിരുദാനന്തര പഠനത്തിനും അവസരങ്ങളുണ്ട്. വിദേശത്തും ഉപരിപഠന സാദ്ധ്യതയുണ്ട്. ഉപരിപഠനത്തിലൂടെ ലോജിസ്റ്റിക്‌സ്/ സപ്ലൈചെയിൻ മാനേജ്മെന്റ്, പോർട്ട്, എയർപോർട്ട് മാനേജ്മെന്റ് എന്നിവയിലും, അക്കാഡമിക്, ഗവേഷണ സ്ഥാപനങ്ങളിലും പ്രവർത്തിക്കാം. പ്രവേശനം ലഭിക്കുന്നവർ ഫിസിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ഏപ്രിൽ 27 നാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. 200 ഒബ്ജക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. മൂന്ന് മണിക്കൂറാണ് പരീക്ഷ സമയം. നെഗറ്റീവ് മാർക്കിംഗ് രീതിയുണ്ട്. ന്യൂമെറിക്കൽ എബിലിറ്റി, ലോജിക്കൽ റീസണിംഗ്, പൊതുവിജ്ഞാനം, ഇംഗ്ലീഷ് ഭാഷ, അഭിരുചി വിലയിരുത്തൽ മുതലായവയിൽ നിന്നു ചോദ്യങ്ങളുണ്ടാകും. കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. രാജ്യത്ത് 79 ഓളം സ്ഥാപനങ്ങളിലായി 12000 ബി.എസ്‌സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സ് സീറ്റുകളുണ്ട്. കേരളത്തിൽ സർക്കാർ മേഖലയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോവളത്തും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴിക്കോട്ടുമുണ്ട്. കൂടാതെ മൂന്നാറിലും ലക്കിടിയിലും സ്വകാര്യ കോളേജുകളുണ്ട്.www.exams.nta.ac.in/NCHMJEE.