പറവൂർ: പ്രളയത്തിൽ തകർന്ന കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ ചെമ്മായം പാലം പുനർനിർമ്മാണം നീളുന്നു. അപകടാവസ്ഥയിലുള്ള പാലത്തിലൂടെ എല്ലാവിധ യാത്രകളും നിരോധിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞു. എന്നാൽ മറ്റ് മാർഗഹങ്ങൾ ഒന്നും ഇല്ലാത്തതിനാൽ നാട്ടുകാർ പാലത്തിലൂടെ യാത്ര ചെയ്യുന്നുണ്ട്. ഏതുനിമിഷവും തകരാൻ സാദ്ധ്യതയുള്ളതിനാൽ കാൽനടയാത്രക്കാരും ബൈക്കും ഇതിലൂടെ പോകുന്നത് വലിയ അപകടം വിളിച്ചുവരുത്തും. പുതിയ ദേശീയപാത നിർമ്മാണം പൂർത്തിയാവുന്നതിനോടൊപ്പം ചെമ്മായം പുതിയ പാലത്തിന്റെ നിർമ്മാണവും പൂർത്തിയാക്കണെന്നാണ് നാട്ടുകാരുടെ ആവശ്യം. 2001ൽ എം.പി. ഫണ്ട് ഉപയോഗിച്ച് ഓട്ടോറിക്ഷ വരെ പോകാവുന്ന വീതിയിലായിരുന്നു പാലം നിർമ്മിച്ചിരുന്നത്. പത്ത് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പാലത്തിന് പത്ത് വർഷം തികയുന്നതിന് മുമ്പേ ബലക്ഷയമായി. തൂണുകളും കൈവരികളും തകർന്നുതുടങ്ങി. പ്രളയത്തോടെ പാലം ഏതാണ് പൂർണമായും തകർന്നു.

പുതിയ പാലത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സാമൂഹികാഘാത പഠനം 2023 ഏപ്രിലിൽ നടത്തിയിരുന്നു. ഭാരതമാതാ കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റാണ് പഠനം നടത്തിയത്. പഠന റിപ്പോർട്ട് സർക്കാരിന്റെ അനുമതിക്കായി നൽകിയിരുന്നു. എന്നാൽ ആകെ നടത്തേണ്ട പതിനൊന്ന് സർവേകളിൽ പത്തെണ്ണത്തിന്റെ പഠനമാണ് നടത്തിയത്. ഒരു സർവെ വിട്ടുപോയതിനാൽ നടപടിക്രമങ്ങൾ നീളുകയായിരുന്നു.

2021 തയ്യാറാക്കിയ എസ്റ്റിമേറ്റ്

നിർമ്മാണ ചെലവ് 17.66 കോടി രൂപ

നീളം 215 മീറ്റർ

കാരേജ് വേ 5.30 മീറ്റർ

ഒരുവശത്തെ ഫുട്പാത്ത് 1.50 മീറ്റർ

ആകെ ്സ്പാനുകൾ 13 എണ്ണം

പാലത്തിന്റെ ഉയരം 6 മീറ്റർ

സർക്കാരിൽ നിരന്തരം ഇടപ്പെട്ടതിനെ തുടർന്ന് 2025 മാർച്ച് 28 വരെ ഫയൽ നൽകുന്നതിന് സമയപരിധി നീട്ടി ഗസറ്റ് നോട്ടിഫിക്കേഷൻ നടത്തിയിട്ടുണ്ട്. ചെമ്മായം പി‌.ഡബ്ല്യു‌.ഡി റോഡ് കൂടി ഉൾപ്പെടുത്തി എസ്.ഐ.എ സ്റ്റഡി നടത്തി അടിയന്തരമായി സമർപ്പിക്കുവാൻ സർക്കാരിൽ നിന്ന് കഴിഞ്ഞ മാസം 25ന് ഉത്തരവ് ഇറക്കിച്ചിട്ടുണ്ട്

വി.ഡി. സതീശൻ

പ്രതിപക്ഷനേതാവ്

പാലം നിർമ്മാണം വൈകുന്നത് എം.എൽ.എയുടെെ അനാസ്ഥയാണ്. പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും എം.എൽ.എ ഓഫീസിലാണ് അറിയിക്കുക. നിർമ്മാണത്തിലെ തടസങ്ങൾ നീക്കുന്നതിന് എം.എൽ.എയാണ് മുൻകൈ എടുക്കേണ്ടത്. ഇത് വേണ്ടസമയത്ത് നടത്താത്താണ് നിർമ്മാണം ആരംഭിക്കാൻ സാധിക്കാത്തത്.

യേശുദാസ് പറപ്പിള്ളി

ജില്ലാ പഞ്ചായത്ത് അംഗം.

ചെമ്മായം പാലം പൂർത്തിയാൽ കോട്ടുവള്ളി, ഏഴിക്കര മേഖലയിൽ നിന്ന് ഏറ്റവും എളുപ്പത്തിൽ ദേശീയപാതയിലേക്ക് കടക്കാനാകും. ഈ മേഖലയിൽ നിന്ന് നിലവിൽ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത് ചെറിയപ്പിള്ളി, തിരുമുപ്പം എന്നിവിടങ്ങളിലൂടെയാണ്