ആലുവ: തോട്ടുമുഖം ശ്രീനാരായണ ഗിരിയിലെ അന്തേവാസികളായ അമ്മമാർക്കും കുട്ടികൾക്കും സാന്ത്വന സംഗീതമൊരുക്കി ആലുവയിൽ പി.കെ.സി ഹൃദയതീരം ചാരിറ്റബിൾ ട്രസ്റ്റിന് തുടക്കമായി. ഗിരിയിലെ അന്തേവാസികൾക്കൊപ്പം ഒരു പകൽ മുഴുവൻ നീണ്ടുനിന്ന ആഘോഷത്തോടെയാണ് ഹൃദയതീരം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനം ആരംഭിച്ചത്.
കഴിഞ്ഞ നാല് വർഷമായി വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ ആലുവ ആസ്ഥാനമായി ആരംഭിച്ച പാട്ടുകൂട്ടം (പി.കെ. കമ്മ്യുണിക്കേഷൻസ് മ്യൂസിക് ടു ഹാർട്ട്) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പി.കെ.സി.ഹൃദയതീരം ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചത്. ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സാന്ത്വന സംഗീതം ഒരുക്കി ശ്രദ്ധ നേടിയവരാണ് ഇവർ. അവശത അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുകയാണ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ലക്ഷ്യം.
റിട്ട. ജുഡീഷ്യൽ ഓഫിസറും തിരുവനന്തപുരം മാർ ഗ്രിഗോറിയോസ് കോളേജ് ഒഫ് ലാ അസോ. പ്രൊഫസറുമായ ഡോ. എം.ഇ. അലിയാർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ മഹേഷ് മംഗലശേരി അദ്ധ്യക്ഷനായി.നിയമോപദേശകൻ അഡ്വ. എം.ബി. സുദർശനകുമാർ, സിനിമ തിരക്കഥാകൃത്ത് ശ്രീമൂലനഗരം മോഹൻ എന്നിവർ ചേർന്ന് ലോഗോ പ്രകാശിപ്പിച്ചു. കീഴ്മാട് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എ. മുജീബ്, കീഴ്മാട് മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ബഷീർ, കൺവീനർ ദിനേഷ് പുറമന, ചാരിറ്റി കൺവീനർ ഗോപകുമാർ, പി.കെ.സി സെക്രട്ടറി ഗിരീഷ്, സുബ്രഹ്മണ്യ സ്വാമി, പി. കൃഷ്ണകുമാർ, സുനിൽ കുമാർ, കെ.ബി. സജീവൻ എന്നിവർ സംസാരിച്ചു.