taj-cial

താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് 28ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) പുതിയ സംരംഭമായ 'താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്' ഡിസംബർ 28ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യയിലെ വ്യോമയാന ഹബ്ബായി മാറാൻ ലക്ഷ്യമിടുന്ന സിയാലിന്റെ പുതിയ സംരഭമാണിത്.

യാത്രക്കാർക്ക് പരമാവധി സേവനങ്ങൾ ഒരുക്കാനും പുതിയ സർവീസുകൾ ആരംഭിക്കാനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും സിയാൽ നടപ്പിലാക്കുന്ന മാസ്റ്റർ പ്ലാനിന്റെ ഭാഗമാണിത്. മാസ്റ്റർ പ്ലാനിലെ ഭൂവിനിയോഗ പദ്ധതിയുടെ ഭാഗമായി സിയാൽ പണികഴിപ്പിച്ച ഹോട്ടൽ നടത്തിപ്പിനായി ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിന് (ഐ.എച്ച്.സി.എൽ) കീഴിലുള്ള താജ് ഗ്രൂപ്പിന് ആഗോള ടെൻഡറിലൂടെയാണ് കൈമാറിയത്.

താജ് പ്രീമിയം ലക്ഷ്വറി

ടെർമിനലുകളിൽ നിന്ന് 500 മീറ്റർ മാത്രം അകലെയുള്ള താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടലിലേക്ക് ലാൻഡിംഗ് കഴിഞ്ഞ് 15 മിനിറ്റിനകം എത്താം. താജ് ക്ലബ് ലോഞ്ച്, ഒരു വശത്ത് റൺവേയും മറുവശത്ത് ഹരിതശോഭയും കാഴ്ചയൊരുക്കുന്ന 111 മുറികൾ, പ്രസിഡൻഷ്യൽ സ്യൂട്ടുകൾ, ബാങ്ക്വെറ്റ് ഹാളുകൾ, ബോർഡ് റൂമുകൾ, പ്രീ-ഫംഗ്ഷൻ ഏരിയ, സിമ്മിംഗ് പൂൾ, വിസ്തൃതമായ ലോബി, ബാർ, ഫിറ്റ്‌നസ് സെന്റർ എന്നിവ പഞ്ചനക്ഷത്ര മോടിയോടെ ഒരുക്കിയിട്ടുണ്ട്. വിസ്ത റസ്റ്ററന്റ് (24 മണിക്കൂർ), ഹൗസ് ഓഫ് മിംഗ് എന്നിവ രൂചി സമൃദ്ധി ഒരുക്കുന്നു. നാല് ഏക്കറിലുള്ള താജ് ഹോട്ടലിൽ വിശാലമായ കാർ പാർക്കിംഗുമുണ്ട്.

അധിക നിക്ഷേപം, കൂടുതൽ തൊഴിലുകൾ

സിയാലിന്റെ മാസറ്റർ പ്ലാനിലൂടെ അധിക നിക്ഷേപം ആകർഷിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാകുമെന്ന് മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. മൂന്ന് വർഷത്തിനുള്ളിൽ പ്രതിവർഷ യാത്രക്കാരുടെ എണ്ണം ഒരു കോടിയിൽ നിന്ന് ഒന്നേകാൽ കോടിയാകും.

മൂന്ന് വർഷത്തിനിടെ 10 മെഗാ പ്രോജക്ടുകളും 163 ഇടത്തരം സംരംഭങ്ങളുമാണ് ആരംഭിച്ചത്. കോഴിക്കോട് അരിപ്പാറ ജലവൈദ്യുത നിലയം, കണ്ണൂരിലെ പയ്യന്നൂർ സോളാർ പ്ലാന്റ്, ബിസിനസ് ജെറ്റ് ടെർമിനൽ, ഇംപോർട്ട് കാർഗോ ടെർമിനൽ, 0484 എയ്റോ ലോഞ്ച്, എയർപോർട്ട് എമർജൻസി സർവീസ് പരിഷ്‌ക്കരണം എന്നിവ പ്രധാന പദ്ധതികളാണ്.